
രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്കിന്റെ ത്യാഗം $11,408 കോടി
മുംബയ്: ഇന്ത്യയുടെ വിദേശ നാണയശേഖരം ഒക്‌ടോബർ 14ന് സമാപിച്ച ആഴ്‌ചയിലും നേരിട്ടത് കനത്ത തകർച്ച. 450 കോടി ഡോളർ ഇടിഞ്ഞ് നിരവധി വർഷങ്ങളിലെ താഴ്ചയായ 52,837 കോടി ഡോളറിലേക്കാണ് ശേഖരം ഇടിഞ്ഞത്. വിദേശ കറൻസി ആസ്‌തി (എഫ്.സി.എ) 283 കോടി ഡോളർ താഴ്ന്ന് 46,867 കോടി ഡോളറായി. കരുതൽ സ്വർണശേഖരം 150 കോടി ഡോളർ താഴ്ന്ന് 3,745 കോടി ഡോളറിലെത്തി.
ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കംകുറയ്ക്കാൻ റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റൊഴിയുന്നതാണ് വിദേശ നാണയശേഖരം കുറയാൻ മുഖ്യ കാരണമായത്. കഴിഞ്ഞദിവസം ഇന്ത്യൻ റുപ്പിയുടെ മൂല്യം ഡോളറിനെതിരെ എക്കാലത്തെയും താഴ്‌ചയായ 83ലേക്ക് ഇടിഞ്ഞിരുന്നു.
$64,245.3 കോടി
കഴിഞ്ഞവർഷം സെപ്തംബർ മൂന്നിന് അവസാനിച്ച ആഴ്ചയിലെ 64,245.3 കോടി ഡോളറാണ് ഇന്ത്യൻ വിദേശ നാണയശേഖരത്തിന്റെ എക്കാലത്തെയും ഉയരം. തുടർന്ന് ഇതുവരെ ശേഖരത്തിലുണ്ടായ ഇടിവ് 11,408 കോടി ഡോളർ.