
കൊച്ചി: കേരള സർവകലാശാല സെനറ്റിലേക്ക് പുതിയ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യുന്നതിൽ നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഹൈക്കോടതി വിലക്കി. സെനറ്റിൽ നിന്ന് ഗവർണർ പുറത്താക്കിയ അംഗങ്ങൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. സെനറ്റിൽ നിന്ന് പതിനഞ്ചുപേരെ പിൻവലിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ജസ്റ്റിസ് മുരളി പുരുഷോത്തമൻ നിർദ്ദേശിച്ചു, ഹർജി 31ന് വീണ്ടും പരിഗണിക്കും.
വൈസ് ചാൻസലർ നിയമനത്തിന് സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന
സെനറ്റ് യോഗത്തിൽ ക്വാറം തികയ്‌ക്കാതെ തന്നെ കബളിപ്പിച്ച 15 നോമിനേറ്റഡ് അംഗങ്ങളെ ഒരുമിച്ച് പിൻവലിച്ച് കഴിഞ്ഞ ദിവസം ഗവർണർ ഉത്തരവിറക്കിയിരുന്നു. ഗവർണറുടെ നിർദ്ദേശം ഉത്തരവായി ഇറക്കണമെന്ന നിർദ്ദേശം വി.സി തള്ളിയതിനു പിന്നാലെ ഗവർണർ വിജ്ഞാപനം പുറപ്പെടുവിക്കുകയായിരുന്നു. സർവകലാശാലയെയും മറ്റ് അംഗങ്ങളെയും രാജ്ഭവൻ ഇക്കാര്യമറിയിക്കുകയും ചെയ്തു.
ഗവർണറുടെ ഉത്തരവിനെതിരെ അംഗങ്ങൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.