
കണ്ണൂർ: കണ്ണൂർ മാടായി കോളേജിൽ സംഘർഷം. എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ കോളേജിനുള്ളിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. എസ് എഫ് ഐ സ്ഥാനാർത്ഥി നൽകിയ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനാ വേളയിൽ തള്ളിപ്പോയിരുന്നു. ഇതിനെ തുടർന്ന് നാമനിർദ്ദേശ പത്രികകളും സൂക്ഷ്മ പരിശോധന പേപ്പറുകളും പ്രവർത്തകർ കീറിയെറിഞ്ഞു. സംഘർഷം ഇരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കിടയിലേയ്ക്ക് വ്യാപിച്ചതോടെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
കണ്ണൂർ എസ് എൻ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സമാനമായ സംഭവത്തിൽ എസ് എഫ് ഐ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത് സംഘർഷത്തിലേയ്ക്ക് വഴി വെച്ചിരുന്നു. പത്രിക തള്ളിയതോടെ കെ എസ് യുവിന്റെ സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രകോപിതരായ എസ് എഫ് ഐ പ്രവർത്തകർ നാമനിർദ്ദേശ പത്രികകൾ കീറിയെറിയുകയും ഇലക്ഷൻ ചുമതലയുള്ള അദ്ധ്യാപകരെ അടക്കം തടഞ്ഞു വെയ്ക്കുകയും ചെയ്തു. സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയെ തുടർന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി വൈഷ്ണവ് മഹേന്ദ്രൻ , ആദർശ് , അർജുൻ എന്നിവർക്കെതിരെ ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.