-keralapolice-k-surendran

തിരുവനന്തപുരം: കേരള പൊലീസിനെതിരെ ഉയരുന്ന അധികാര ദുർവിനിയോഗ പരാതികളിൽ പ്രതികരിച്ച് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിലെ പൊലീസ് സംവിധാനം കുത്തഴിഞ്ഞ നിലയിലാണെന്നും ആഭ്യന്തര വകുപ്പ് പരാജയമായതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മയക്കുമരുന്ന് - ലഹരി മാഫിയ സംഘങ്ങൾ മതഭീകരവാദ സംഘടനകൾക്കായി കേരളത്തിലേയ്ക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നുണ്ടെന്നും അതിനെതിരെ പിണറായി സർക്കാർ ചെറുവിരൽ പോലും അനക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. സി പി എമ്മും കോൺഗ്രസും നിരോധിത സംഘടനയായ പി എഫ് ഐയുടെ പ്രവർത്തകരെ തങ്ങൾക്കൊപ്പം കൂട്ടാൻ മത്സരിക്കുകയാണെന്നും പകൽ സി പി എമ്മിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് രാത്രി പി എഫ് ഐയ്ക്ക ് വേണ്ടി പ്രവർത്തിക്കുന്നതെന്നും കേന്ദ്രത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും അധികാരത്തിലുള്ളപ്പോൾ കേരളത്തെ കീഴടക്കാൻ പി എഫ് ഐയ്ക്ക് സാധിക്കില്ലെന്നും ജമ്മു കാശ്മീരിൽ ഭീകരവാദികളെ അമർച്ച ചെയ്തത് പോലെ തന്നെ കേരളത്തിലും നടപ്പിലാക്കാൻ ബി ജെ പി സർക്കാരിന് കഴിയുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിദേശ പര്യടനത്തെിനെതിരെയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ വിമർശനമുന്നയിച്ചു. വിദേശ യാത്രയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ അവകാശ വാദങ്ങൾ എല്ലാം തന്നെ പരിഹാസ്യമാണ്. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി ക്രെഡിറ്റ് അടിച്ച് മാറ്റുന്ന പിണറായി വിജയൻ കേരള ജനതയെ പറ്റിക്കുകയാണ്, കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. കൊവിഡ് കാലത്തെ പിപിഇ കിറ്റ് വാങ്ങിയതിന്റെ പേരിലുള്ള വിവാദത്തിലും എൻഡോസൾഫാൻ വിഷയത്തിലും കേരള സർക്കാരിനെ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.