uk

ലണ്ടൻ: ലിസ് ട്രസ് രാജിവച്ചതിന് പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാനും കൺസർവേറ്റീവ് പാർട്ടിയുടെ നേതൃപദവിയിലേക്കും സാദ്ധ്യത കൂടുതൽ ഇന്ത്യൻ വംശജനും മുൻ ധനമന്ത്രിയുമായ ഋഷി സുനകിന്. എന്നാൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഹൗസ് ഒഫ് കോമൺസ് ലീഡർ പെന്നി മോർഡന്റുമാണ് ഋഷിക്ക് പിന്നിൽ സാദ്ധ്യത കല്പിക്കപ്പെടുന്നവർ.

പെന്നി മോർഡന്റ് ഇന്നലെ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഋഷിയും വൈകാതെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കും.

കഴിഞ്ഞ തവണ നടന്ന കടുത്ത പോരാട്ടത്തിൽ ഋഷിയായിരുന്നു ലിസിന് തൊട്ടുപിന്നിൽ. എം.പിമാർക്കിടെയിലും പിന്തുണ കൂടുതൽ ഋഷിക്കാണ്.

ഡിഫൻസ് സെക്രട്ടറി ബെൻ വാലസും സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ബോറിസിനെ പിന്തുണയ്ക്കുമെന്ന് അറിയിച്ചു.

അതേസമയം കൊവിഡ് പ്രോട്ടോക്കോൾ ലംഘനങ്ങളുമായി ബന്ധപ്പെട്ട പാർട്ടിഗേറ്റ് വിവാദങ്ങളുടെ അന്വേഷണങ്ങളിൽ കുരുങ്ങിയ ബോറിസ് വീണ്ടും മത്സരിക്കുമോ എന്നത് അനിശ്ചിതത്വത്തിലാണ്. ബോറിസിന് മതിയായ എം.പിമാരുടെ പിന്തുണ ലഭിക്കുമെന്നാണ് അനുയായികളുടെ അവകാശവാദം.

മുൻ ഹോം സെക്രട്ടറിയും ഇന്ത്യൻ വംശജയുമായ സ്യുവെല്ല ബ്രേവർമാൻ, ട്രേഡ് സെക്രട്ടറി കെമി ബാഡനോഷ് എന്നിവരും മത്സരിച്ചേക്കാമെന്ന് അഭ്യൂഹമുണ്ടെങ്കിലും മത്സരത്തിന് വേണ്ട എം.പിമാരുടെ പിന്തുണ ലഭിക്കാനിടയില്ല. എത്രയും വേഗം രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ലേബർ പാർട്ടി നേതാവ് കെയ്‌ർ സ്റ്റാമർ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.


 ഇനി തിരഞ്ഞെടുപ്പ് എങ്ങനെ ?



 കൺസർവേറ്റീവ് നേതൃസ്ഥാന തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സ്ഥാനാർത്ഥികൾക്ക് തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.30 വരെ നോമിനേഷൻ സമർപ്പിക്കാം
 നോമിനേഷൻ സമർപ്പിക്കാൻ കുറഞ്ഞത് 100 എം.പിമാരുടെ പിന്തുണ വേണം
 ആകെ കൺസർവേറ്റീവ് എം.പിമാർ - 357
 അതിനാൽ സ്ഥാനാർത്ഥികൾ മൂന്നിൽ കൂടില്ല എന്ന് വ്യക്തം
 സ്ഥാനാർത്ഥികളിൽ ഒരാൾ മാത്രമാണ് 100 എം.പിമാരുടെ പിന്തുണ നേടുന്നതെങ്കിൽ ആ സ്ഥാനാർത്ഥിയെ വിജയി ആയി പ്രഖ്യാപിക്കും
 തിങ്കളാഴ്ച തന്നെ രാത്രി 8നും 10നും മദ്ധ്യേ എം.പിമാർക്കിടെയിലെ ആദ്യ ബാലറ്റ് നടക്കും. മൂന്ന് സ്ഥാനാർത്ഥികളുണ്ടെങ്കിൽ അവസാനമെത്തുന്നയാൾ പുറത്താകും. ഫലപ്രഖ്യാപനം 10.30ന്
 ശേഷിക്കുന്ന രണ്ട് സ്ഥാനാർത്ഥികളിൽ നിന്ന് ഒരാളെ ' സൂചന " വോട്ടിംഗിലൂടെ എം.പിമാർ തിരഞ്ഞെടുക്കും. പാർട്ടിയിൽ മുൻഗണന ആർക്കാണെന്ന് അംഗങ്ങൾക്ക് മനസിലാകാനാണിത്. വോട്ടിംഗ് സമയം രാത്രി 11 - പുലർച്ചെ 1. ഫലപ്രഖ്യാപനം - പുലർച്ചെ 1.30. ഈ ഘട്ടത്തിൽ രണ്ടാമതെത്തുന്ന സ്ഥാനാർത്ഥിയ്ക്ക് പിന്മാറാൻ അവസരമുണ്ട്. പിന്മാറിയില്ലെങ്കിൽ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളെ പങ്കെടുപ്പിക്കുന്ന ഓൺലൈൻ വോട്ടിംഗ് നടക്കും. ഒക്ടോബർ 28ന് വിജയിയെ എന്ന് പ്രഖ്യാപിക്കും
 ഒക്ടോബർ 31ന് ധനമന്ത്രിയുടെ ബ‌‌ഡ്ജറ്റ് അവതരണ വേളയിൽ ബ്രിട്ടന് പുതിയ പ്രധാനമന്ത്രി ഉണ്ടായിരിക്കുമെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ ഉറപ്പ്

 നിലവിൽ എം.പിമാരുടെ പിന്തുണ (സർവേ പ്രകാരം)

 ഋഷി സുനക്- 82

 ബോറിസ് ജോൺസൺ- 41

 പെന്നി മോർഡന്റ്- 19