ireland

ഹൊബാർട്ട് : രണ്ട് തവണ ലോക ചാമ്പ്യൻമാരായ വെസ്റ്റിൻഡീസിന് മലർത്തിയടിച്ച് അയർലൻഡും സ്കോട്ട്‌ലൻഡിനെ നിശബ്‌ദരാക്കി പ്രാഥമിക റൗണ്ട് ഗ്രൂപ്പ് ബിയിലെ ചാമ്പ്യൻമാരായി സിംബാബ്‌വെയും ട്വന്റി-20 ലോകകപ്പിന്റെ പ്രാഥമിക റൗണ്ടിൽ നിന്ന് സൂപ്പർ 12ലേക്ക് യോഗ്യത നേടി. സിംബാബ്‌വെ സൂപ്പർ 12 ഗ്രൂപ്പ് 1ലും അയ‌ർലൻഡ് ഗ്രൂപ്പ് രണ്ടിലും മത്സരിക്കും.

ഐറിഷ് പടയോട്ടം

തോൽക്കുന്ന ടീം പുറത്താകുമെന്നുറപ്പായിരുന്ന മത്സരത്തിൽ ട്വന്റി-20യിലെ അതികായരായ വെസ്റ്റിൻഡീസിനെ 9 വിക്കറ്റിന് തകർത്താണ് അയ‌ർലൻഡ് സൂപ്പർ 12 ലേക്ക് ടിക്കറ്റെടുത്തത്. ആദ്യം ബാറ്ര് ചെയ്ത വെസ്‌റ്റിൻഡീസ് 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടിക്കിറങ്ങി അയർലൻഡ് 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 17.3 ഓവറിൽ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (150/1)​. ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലുമല്ലാം മികച്ച പ്രകടം പുറത്തെടുത്ത ഐറിഷ അർഹിച്ച വിജയം തന്നെയാണ് നേടിയത്.

ടോസ് നേടിയ വിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.എന്നാൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ അയർലൻഡ് ബൗളർമാർ വെടിക്കെട്ട് വീരൻമാർ അണിനിരന്ന വിൻഡീസ് ബാറ്റിംഗ് നിരയെ വരുതിയ്ക്ക് നിറുത്തുകയായിരുന്നു. 4 ഓവറിൽ 16 റൺസ് നൽകി 3 വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഗാരത് ഡെലാനിയാണ് വിൻഡീസിന് നിരയ്ക്ക് വലിയ തലവേദനായായത്. ഡെലാനി തന്നെയാണ് കളിയിലെ താരം. സിമി സിംഗും ബാരി മക്കാർത്തിയും ഓരോവിക്കറ്റ് വീതം വീഴ്ത്തി. ബ്രണ്ടൻ കിംഗാണ് (48 പന്തിൽ 62)​ വിൻഡീസിന്റെ ടോപ് സ്കോറർ. ജോൺസൺ ചാൾസ് (24)​,​ ഒഡെൻ സ്മിത്ത് (പുറത്താകാതെ 12 പന്തിൽ 19)​ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.

ബൗള‌ർമാർ നൽകിയ മുൻതൂക്കം നഷ്ടപ്പെടുത്താതെ ഉത്തരവാദിത്തോടെ ബാറ്റ് വീശിയ അയർലൻഡ് തന്റെ അനുഭവസമ്പത്ത് മുഴുവൻ വെളിവാക്കിയ ഇന്നിംഗ്സുമായി കളം നിറഞ്ഞ പോൾ സ്റ്റിർലിംഗിന്റെ നേതൃത്വത്തിൽ അനായാസം വിജയലക്ഷ്യത്തിലെത്തി. നിർണായക സമയത്ത് ഫോം കണ്ടെത്തിയ സ്റ്റിർലിംഗ് 6 ഫോറും 2 സിക്സും ഉൾപ്പെടെ പുറത്താകാതെ 66 റൺസ് നേടി. 35 പന്തിൽ 45 റൺസുമായി ലോർക്കാൻ ടക്കർ സ്റ്റിർലിഗിനൊപ്പം പുറത്താകാതെ നിന്നു. ക്യപ്ടൻ ആൻഡി ബാൽബി‌ർനിയുടെ (23 പന്തിൽ 37)​ വിക്കറ്റ് മാത്രമാണ് അവ‌ർക്ക് നഷ്ടമായത്. ഒന്നാം വിക്കറ്റിൽ ബാൽബിർനിക്കൊപ്പം 45 പന്തിൽ 73 റൺസിന്റെയും ടക്ക‌ർക്കൊപ്പം പുറത്താകാതെ 61 പന്തിൽ 77 റൺസിന്റെയും കൂട്ടുകെട്ട് സ്റ്റിർലിംഗ് ഉണ്ടാക്കി.