ukraine

കീവ്: ഡ്രോൺ ആക്രമണത്തിന് റഷ്യയെ സഹായിക്കാൻ യുക്രെയിനിലെ ക്രൈമിയയിലേക്ക് ഇറാൻ സൈന്യത്തെ അയയ്ക്കുകയാണെന്ന് യു.എസ് ആരോപിച്ചു. റഷ്യൻ സേനയെ ഡ്രോണുകൾ ഉപയോഗിക്കാൻ പ്രാപ്തമാക്കാൻ ഇറാൻ അവരുടെ പരിശീലകരെയും സാങ്കേതിക സഹായങ്ങളും നൽകുന്നുണ്ടെന്നാണ് വൈറ്റ്‌ഹൗസ് നാഷണൽ സെക്യൂരിറ്റി വക്താവ് ജോൺ കിർബിയുടെ ആരോപണം.

യുക്രെയിന്റെ തലസ്ഥാനമായ കീവ്, സുമി, നിപ്രോ എന്നിവടങ്ങളിൽ കഴിഞ്ഞ തിങ്കളാഴ്ച റഷ്യ ശക്തമായ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനായി 'കമികാസീ" ഡ്രോൺ ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്തതെന്നാണ് ആരോപണം. എന്നാൽ ആരോപണം ഇറാൻ നിഷേധിച്ചിരുന്നു.

ഇറാനിൽ ഷഹീദ് - 136 എന്നറിയപ്പെടുന്ന ഡ്രോണുകളാണ് റഷ്യ ആക്രമണത്തിനുപയോഗിക്കുന്ന കമികാസീയെന്ന് യുക്രെയിൻ അധികൃതർ ആരോപിച്ചിരുന്നു.

ഡ്രോണുകളുടെ പ്രവർത്തനത്തിൽ പിഴവുകൾ വന്നതോടെയാണ് ഇറാൻ സൈന്യത്തെ സഹായത്തിന് അയയ്ക്കാൻ തീരുമാനിച്ചതെന്നും എത്ര സൈനികരെ ഇറാൻ ക്രൈമിയയിലേക്ക് അയച്ചെന്ന് വ്യക്തമല്ലെന്നും കിർബി പറഞ്ഞു.

റഷ്യൻ ഡ്രോൺ ആക്രമണം നിലവിൽ യുക്രെയിനിലെ ഊർജ സംവിധാനങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. രാജ്യത്തെ ആകെ പവർ സ്റ്റേഷനുകളിൽ മൂന്നിലൊരു ഭാഗവും ആക്രമിക്കപ്പെട്ടു. ഇത് യുക്രെയിനിൽ രാജ്യവ്യാപക വൈദ്യുതി പ്രതിസന്ധിയ്ക്ക് കാരണമായി.