raza

ഹൊബാർട്ട്: ട്വന്റി-20 ലോകകപ്പ് പ്രാഥമിക ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ 5 വിക്കറ്റിന് തകർത്താണ് സിംബാബ്‌വെ സൂപ്പർ 12ലേക്ക് യോഗ്യത ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്‌ലൻഡ് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 132റൺസാണ് എടുത്തത്. മറുപടിക്കിറങ്ങിയ സിംബാ‌ബ്‌വെ 9 പന്ത് ബാക്കിനിൽക്കെ 5 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി (133/5)​.

സൂപ്പർതാരം സിക്കന്തർ റാസയുടെ തകർപ്പൻ ഓൾറൗണ്ട് പ്രകടനവും ക്യാപ്ടൻ ക്രെയ്ഗ് ഇർവിന്റെ ഗംഭീര ബാറ്റിംഗും പേസർ ടെൻഡയ് ചതാരയുടെ മികച്ച ബൗളിംഗുമാണ് സിംബാബ്‌വെയുടെ വിജയത്തിലെ നിർണായക ഘടകങ്ങൾ.

ഓപ്പണർ ജോർജ് മുൻസിയാണ് (54)​ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ സ്കോ‌ട്ടലൻഡിന്റെ ടോപ് സ്കോററായത്. കലും മക്‌ലിയോഡും (25)​ ഭേദപ്പട്ട പ്രകടനം നടത്തി. 4 ഓവറിൽ 1 മെയ്ഡനുൾപ്പെടെ 14 റൺസ് മാത്രം നൽകി ചതാര രണ്ട് വിക്കറ്റ് വീഴ്ത്തി. റിച്ചാർഡ് ഗരാവെയും 2 വിക്കറ്റ് സ്വന്തമാക്കി. റാസ മുസർബാനി എന്നിവർ ഓരോവിക്കറ്റ് വീതം നേടി.

ചേസിംഗിൽ സിംബാബ്‌വെയ്ക്ക് തുടക്കത്തിലേ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും ഇ‌ർവിന്റേയും (58)​ റാസയുടേയും (23 പന്തിൽ 40,​ 3 ഫോർ 2 സിക്സ്)​ കൃത്യമായ ഇടപെടൽ അവരുടെ വിജയം ഉറപ്പിക്കുകയായിരുന്നു. ജോഷ് ഡേവി സ്കോട്ട്‌ലൻഡിനായി രണ്ട് വിക്കറ്ര് വീഴ്ത്തി.