pak

പാരിസ്: സാമ്പത്തിക സംവിധാനങ്ങൾ നേരിടുന്ന ഭീഷണികൾക്കെതിരെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഗ്രേ ലിസ്​റ്റിൽ നിന്ന് നാല് വർഷത്തിന് ശേഷം പാകിസ്ഥാനെ ഒഴിവാക്കി.

കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം എന്നിവ തടയാൻ പാക് ഭരണകൂടത്തിന് കഴിയുന്നില്ലെന്നും നിയമങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടെന്നും കാട്ടി 2018 ജൂണിലാണ് എഫ്.എ.ടി.എഫ് പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇത്തരം നടപടികളിൽ വീഴ്ച വരുത്തുന്ന രാജ്യങ്ങളെയാണ് ഗ്രേ ലിസ്റ്റിൽ പെടുത്തുന്നത്.

കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തുമെന്ന് എഫ്.എ.ടി.എഫ് മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാൻ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തിയെന്നും തീവ്രവാദത്തിന് ധനസഹായം നൽകുന്നതിനെതിരെ പ്രവർത്തിച്ചെന്നും കാട്ടിയാണ് എഫ്.എ.ടി.എഫ് ഇപ്പോൾ ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയത്.നികരാഗ്വയേയും ഗ്രേ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി. എന്നാൽ മ്യാൻമറിനെ കരിമ്പട്ടികയിൽ പെടുത്തി. ഗ്രേ ലിസ്റ്റിലായിരുന്നപ്പോൾ ഐ.എം.എഫ്, ലോകബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള സഹായത്തിന് പാകിസ്ഥാൻ തടസം നേരിട്ടിരുന്നു. യു.കെ, യു.എസ്, ഇന്ത്യ എന്നിങ്ങനെ 39 രാജ്യങ്ങളടങ്ങുന്നതാണ് എഫ്.എ.ടി.എഫ്.