police-ex-soldiers

ആലപ്പുഴ: ആലപ്പുഴ കായംകുളം പൊലീസ് സ്റ്റേഷനിലേയ്ക്ക് വിമുക്ത ഭടൻമാർ നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. വിമുക്ത ഭടൻമാരുടെ സംഘടനയായ 'സോൾജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് കൊല്ലം', കിളികൊല്ലൂർ കസ്റ്റഡി മർദ്ദനത്തിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് പൊലീസും വിമുക്ത ഭടൻമാരും തമ്മിൽ ഉന്തിലും തള്ളിലും കലാശിച്ചത്. കിളികൊല്ലൂരിലെ പൊലീസ് സ്റ്റേഷനിൽ വെച്ച് ഓഗസ്റ്റ് 25-ന് സൈനികനായ വിഷ്ണുവിനും സഹോദരനും പൊലീസ് മർദ്ദനമേറ്റ സംഭവത്തിൽ ബാനറുകളും പ്ളക്കാർഡുകളുമേന്തിയായിരുന്നു പ്രതിഷേധ മാർച്ച് സ്റ്റേഷൻ പരിസരത്തെത്തിയത്. സൈനികകൂട്ടായ്മയുടെ ബാനർ പൊലീസ് ഉദ്യോഗസ്ഥർ ബലമായി വലിച്ചു കീറിയതായാണ് റിപ്പോർട്ട്.

അതേ സമയം കിളികൊല്ലൂരിൽ പൊലീസ് സ്റ്റേഷനിൽ വച്ച് സഹോദരങ്ങളെ മർദിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. തർക്കത്തിനിടെ എഎസ്ഐ പ്രകാശ് ചന്ദ്രൻ, സൈനികനായ വിഷ്ണുവിന്റെ മുഖത്ത് കൈവീശി അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. വിഷ്ണു പ്രതിരോധിക്കുന്നതും പിടിവലിയിൽ ഇരുവരും താഴെ വീഴുന്നതും കാണാം. രണ്ടര മിനിട്ട് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസാണ് പുറത്തുവിട്ടത്. സംഭവം. എംഡിഎംഎ കേസുള്ളയാളെ ജാമ്യത്തിലിറക്കാൻ സ്റ്റേഷനിലേയ്ക്ക് വിളിച്ചുവരുത്തിയാണ് പേരൂർ സ്വദേശികളും സഹോദരന്മാരുമായ വിഷ്ണുവിനെയും വിഘ്നേഷിനെയും മർദിച്ചതും കേസിൽ കുടുക്കിയതും. പൊലീസുകാരെ മർദിച്ചുവെന്ന് കാട്ടി കേസിൽ കുടുക്കിയതോടെ വിഷ്ണുവിന്റെ വിവാഹം മുടങ്ങി. എസ്ഐ അനീഷ് ഉൾപ്പെടെയുള്ള നാലുപേരെ സ്ഥലം മാറ്റിയെങ്കിലും പ്രതിഷേധം രൂക്ഷമായതോടെ ഇവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു.