
വീട് നിർമ്മാണം സമയവും പണവും ധാരാളം ചെലവഴിക്കേണ്ടി വരുന്ന ഒരു പ്രക്രിയ ആയാണ് അറിയപ്പെടുന്നത്. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വീട് പണിയും അതിന് ചെലവഴിക്കേണ്ട പണവും ഉടമയെ തെല്ലൊന്നുമല്ല ദുരിതത്തിലാക്കുന്നത്. എന്നാൽ വീട് പണി ഒന്നോ രണ്ടോ ദിവസം കൊണ്ട് തീർക്കാൻ കഴിഞ്ഞാലോ. അദ്ഭുതപ്പെടേണ്ട, ഇപ്പോഴിതാ അതിനുള്ള ടെക്‌നോളജിയും വന്നുകഴിഞ്ഞു.
ഒറ്റദിവസം കൊണ്ട് ചുരുങ്ങിയത് നാലു വീടുകൾ വരെ ഈ ടെക്നോളജി ഉപയോഗിച്ച് നിർമ്മിക്കാൻ കഴിയും, നമ്മുടെ ഇഷ്ടത്തിനും പ്ലാനിനും ബഡ്ജറ്റിനും അനുസരിച്ചുള്ള വീടുകൾ ഫാക്ടറിയിൽ നിർമ്മിച്ച് സൈറ്റിൽ കൊണ്ടെത്തിക്കും, റെഡിമെയ്ഡ് വീടുകൾ എന്നും ഇവയെ പറയാം. പ്രീകാസ്റ്റ് ടെക്‌നോളജി എന്നാണ് ഈ നിർമ്മാണ രീതിയുടെ പേര്. ന്യൂസീലാൻഡിലെ നിർമ്മാതാവായ ഗാവിൻ മൂർ ആണ് ഈ ടെക്‌നോളജിയുടെ ഉപജ്ഞാതാവ്.
ഫാക്ടറിയിൽ നിർമ്മിക്കുന്ന വീടുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സൈറ്റിലേക്ക് ട്രക്കിൽ കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഫ്ലോറിംഗും ജനാലകളും കിച്ചൺ കാബിനറ്റുകളും വരെ ഫാക്ടറിയിൽ അസംബിൾ ചെയ്തതിന് ശേഷമാണ് വീടുകൾ സൈറ്റിലെത്തിക്കുന്നത്. ഇലക്ട്രിക് വയറിംഗ്, ഫിറ്റിംഗ്സ്, സ്വിച്ചുകൾ, പ്ലംബിംഗ് പണികൾ എന്നിവയെല്ലാം ഫാക്ടറിയിൽ വച്ചുതന്നെ പൂർത്തിയാക്കും. സ്റ്റെയർ കേസുകൾ വരെ ഇപ്രകാരം ഫാക്ടറിയിൽ നിർമ്മിച്ചെടുക്കുന്നു.
ചുമരുകൾ, സ്ട്രക്ചറൽ ബീമുകൾ, ആർക്കിടെക്ചറൽ ക്ലാഡിംഗ്, റൂഫ്, ഡെക്ക് എന്നിവയ്ക്കെല്ലാം ഇണങ്ങുന്ന രീതിയിൽ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ ഡിസൈൻ ചെയ്തെടുക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് ഈ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ അയൺ പില്ലറുകളിൽ ഘടിപ്പിക്കുന്നു. നാലുവശത്തുമായ സ്ഥാപിച്ച ഈ അയൺ പില്ലറുകളാണ് കെട്ടിടത്തിന്റെ ഭാരം മുഴുവൻ താങ്ങുന്നു. ഈ പില്ലറുകൾക്ക് ഒരു ലോക്കിംഗ് സിസ്റ്റവും ഉണ്ട്. ഈ വീടുകളുടെ ഔട്ടർവാളുകൾക്ക് നാലിഞ്ച് കനവും ഇന്നർവാളുകൾക്ക് മൂന്നിഞ്ച് കനവുമാണുള്ളത്. ഭൂകമ്പം. തീ, ചുഴലിക്കാറ്റ് എന്നിവയെയും പ്രതിരോധിക്കാൻ ഇത്തരം നിർമിതികൾക്കു സാധിക്കുമെന്നാണ് മൂർ അവകാശപ്പെടുന്നത്. .