elon-musk-twitter

ശതകോടീശ്വരനായ ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കാൻ പോകുന്നു എന്ന വാർത്ത വലിയ ആകാംക്ഷയോടെയാണ് സ്വീകരിക്കപ്പെട്ടത്. ഈ വാർത്ത പുറത്ത് വന്നതോടെ ടെക്ക് ലോകത്തിലെ ആധുനിക ബുദ്ധിരാക്ഷസനായി അറിയപ്പെടുന്ന ഇലോൺ മസ്ക് ഏറ്റെടുക്കുന്നത് വഴി സമൂഹമാദ്ധ്യമമെന്ന നിലയിൽ ട്വിറ്റർ ഒരുപാട് മാറ്റങ്ങൾക്ക് വിധേയമാകും എന്ന അഭിപ്രായത്തോടെ പലരും ഏറ്റെടുക്കൽ പ്രഖ്യാപനത്തിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എന്തായാലും ഇലോൺ മസ്കിന്റെ കടന്നു വരവ് ട്വിറ്റർ ജീവനക്കാരെ അത്ര നല്ല രീതിയിൽ അല്ല ബാധിക്കുക എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത. ട്വിറ്ററിലെ 75 ശതമാനം ജീവനക്കാരെയും വരും മാസങ്ങളിൽ പിരിച്ച് വിടുമെന്നാണ് അമേരിക്കൻ പത്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ട്വിറ്ററിനെ അടിമുടി മാറ്റിയെടുക്കും എന്ന പ്രഖ്യാപനവുമായി എത്തിയ ഇലോൺ മസ്ക്, കമ്പനി ഏറ്റെടുക്കൽ കരാറിന് സമ്മതം മൂളിയപ്പോൾ മുതൽ പിൻമാറാനുള്ള നീക്കങ്ങളാണ് നടത്തിയത്. ഒടുവിൽ ട്വിറ്റർ മസ്കിനെതിരെ കോടതിയെ സമീപിച്ച ശേഷമായിരുന്നു കമ്പനി ഏറ്റെടുക്കാൻ ഇലോൺ മസ്ക് വീണ്ടും സന്നദ്ധത പ്രകടിപ്പിച്ചത്. ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ച് ജീവനക്കാരെ കമ്പനി കൈമാറ്റത്തിന് മുൻപ് പിരിച്ച് വിടണമെന്ന ഉപാധി മസ്ക് മുന്നോട്ട് വെച്ചിരുന്നു. കൂടാതെ അടുത്ത വർഷം അവസാനത്തോടെ ജീവനക്കാർക്കായി ചെലവഴിക്കുന്ന ശമ്പളത്തിൽ 800 ദശലക്ഷം ഡോളറിന്റെ കുറവ് വരുത്താൻ ട്വിറ്റർ മാനേജ്മെന്റും തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം 7,500 ജീവനക്കാർക്ക് എങ്കിലും പിരിച്ചു വിടൽ ഭീഷണി നേരിടേണ്ടി വരും.

ട്വിറ്ററിന്റെ പുതിയ ഉടമയായി ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിനെ അംഗീകരിച്ച് ഓഹരി ഉടമകളുടെ കമ്മിറ്റി കഴിഞ്ഞ മാസം തീരുമാനമെടുത്തിരുന്നു. 44 ബില്ല്യൺ ഡോളറിന് മസ്കിന് അധികാരക്കൈമാറ്റം നടത്തുന്ന ബിഡിനെ അനുകൂലിച്ച് ട്വിറ്റർ ഓഹരി ഉടമകൾ വോട്ട് രേഖപ്പെടുത്തി. മിനിറ്റുകൾ മാത്രം നീണ്ട വോട്ടിംഗിൽ അധികം ബോർഡ് അംഗങ്ങളും ഓൺലൈനായാണ് വോട്ട് രേഖപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രിലിലായിരുന്നു ട്വിറ്റർ ഏറ്റെടുക്കാനുള്ള പ്രാരംഭ നടപടികൾ ഇലോൺ മസ്ക് ആരംഭിച്ചത്. ടെസ്ല സി.ഇ. ഒ യുടെ ഏറ്റെടുക്കൽ നടപടി കഴിവതും ഒഴിവാക്കാൻ ട്വിറ്റർ ശ്രമിച്ചെങ്കിലും ഓഹരി ഉടമകളുട കനത്ത സമ്മർദ്ദത്തിന് മുന്നിൽ ഒടുവിൽ വഴങ്ങേണ്ടി വരികയായിരുന്നു.