
ഗോഹട്ടി: അരുണാചൽ പ്രദേശിൽ സൈനിക ഹെലിക്കോപ്ടർ തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനികനും. കാസർകോട് ചെറുവത്തൂർ കിഴക്കേമുറിയിൽ കാട്ടുവളപ്പിൽ അശോകന്റെ മകനായ കെ വി അശ്വിൻ (24) -ാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് മകൻ കൃത്യ നിർവ്വഹണത്തിനിടയിൽ മരണപ്പെട്ടതായി മുതിർന്ന സൈനിക ഉഗ്യോഗസ്ഥൻ അശ്വിന്റെ പിതാവിനെ വിവരമറിയിച്ചത്. ഇലക്‌ട്രോണിക്ക് ആൻഡ് മെക്കാനിക്കൽ വിഭാഗം എൻജിനീയറായി നാല് വർഷമായി സൈന്യത്തിൽ സേവനമനുഷ്ടിച്ച് വരികെയായിരുന്നു ദുരന്തമുണ്ടായത്. ഒരു മാസം മുൻപ് അശ്വിൻ അവധി ചെലവിടാനായി നാട്ടിലെത്തിയിരുന്നു.
ഇന്ന് രാവിലെയാണ് അരുണാചൽ പ്രദേശിലെ അപ്പർ സിയാംഗ് ജില്ലയിൽ വെച്ച് ഇന്ത്യൻ സൈന്യത്തിന്റെ ലൈറ്റ് വെയിറ്റ് കോമ്പാറ്റ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. റോഡ് ഗതാഗതമില്ലാത്ത വനമേഖലയിൽ അപകടമുണ്ടായത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കിയിരുന്നു. മോശം കാലാവസ്ഥയെത്തുടർന്നുണ്ടായ അപകടത്തിൽ ഹെലിക്കോപ്ടറിലുണ്ടായിരുന്ന അശ്വിൻ അടക്കമുള്ള അഞ്ച് സൈനികരും വീര ചരമം പ്രാപിച്ചു.
അരുണാചൽ പ്രദേശിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടർ അപകടമാണിത്. ഈ മാസം ആദ്യം ചീറ്റ ഹെലികോപ്ടർ തകർന്ന് ഒരു പൈലറ്റിന് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.