
സൗദി: സൗദിയിൽ കഴിഞ്ഞ 10 മാസക്കാലമായി മലയാളികൾ അടക്കം 400-ഓളം തൊഴിലാളികൾക്ക് ശമ്പളം മുടങ്ങി. മക്ക ഹൈവേയിലെ തബ്റാക്ക് പട്ടണത്തിലെ ഫാം കമ്പനിയിലെ തൊഴിലാളികളാണ് ശമ്പളമില്ലാതെ ദുരിതത്തിലൂടെ കടന്ന് പോകുന്നത്. ഇവർ പ്രവർത്തിച്ചു വരുന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടതാണ് ശമ്പളം മുടങ്ങാൻ കാരണം.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള 57 മലയാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. ഇതിൽ പത്തും പതിനഞ്ചും വർഷമായി ഇവിടെ തന്നെ പണിയെടുത്ത് വരുന്ന തൊഴിലാളികളും ഉൾപ്പെടുന്നുണ്ട്. ശമ്പളം മുടങ്ങിയ സമയത്തും ഫാം അധികൃതർ തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ച് നൽകിയിരുന്നു. ഇപ്പോൾ അതിനും മുടക്കം വന്നതോടെ നിത്യ ജീവിതം തന്നെ തൊഴിലാളികൾക്ക് ബുദ്ധിമുട്ടിലായി മാറി. റിയാദിലെ കേളി സാംസ്കാരിക വേദി പ്രവർത്തകരാണ് നിലവിൽ ഇവർക്ക് ഭക്ഷണമെത്തിച്ച് പട്ടിണിയിൽ നിന്ന് സംരക്ഷിച്ച് വരുന്നത്. മുസാഹ്മിയ ജീവകാരുണ്യ വിഭാഗവും ഇവർക്ക് അടിയന്തരമായി ഭക്ഷ്യകിറ്റുകൾ എത്തിച്ച് നൽകിയിരുന്നു.
ഫാമിലെ തൊഴിലാളികൾ തങ്ങൾ നേരിടുന്ന ദുരിതത്തെക്കുറിച്ച് ഇന്ത്യൻ എംബസി മുൻപാകെ പരാതി നൽകിയിട്ടുണ്ട്. ഇന്ത്യൻ എംബസി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ട് ശമ്പളക്കുടിശ്ശിക അടക്കം ലഭിച്ച ശേഷം നാട്ടിലേയ്ക്ക് മടങ്ങാം എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ തൊഴിലാളികളുള്ളത്.