
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിളളിൽ എം എൽ എ പൊലീസിന് മുന്നിൽ ഹാജരായി. രാവിലെ ഒൻപത് മണിയോടെയാണ് എം എൽ എ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിൽ ഹാജരായത്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനിടെ കോടതി ഉത്തരവിട്ടിരുന്നു. പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിന് പിന്നാലെ എൽദോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യപരിശോധനയും തെളിവെടുപ്പും നടത്തും.
ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മറ്റൊരു കേസ് കൂടി എം എൽ എയ്ക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരിയെ നവമാദ്ധ്യമങ്ങൾ വഴി ആക്ഷേപിച്ചുവെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, ഒളിവിൽ പോയ എൽദോസ് കുന്നപ്പിള്ളി എം എൽ എ മൂവാറ്റുപുഴയിലെ വീട്ടിൽ കഴിഞ്ഞ ദിവസം തിരിച്ചെത്തി. നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്ന് എം എൽ എ പ്രതികരിച്ചിരുന്നു.
'സംസ്ഥാനം വിട്ടുപോയിട്ടില്ല. എല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. കുറ്റം ആർക്കെതിരെയും ആരോപിക്കാം. ഒരു കുറ്റവും ചെയ്‌തിട്ടില്ല. ഞാൻ ഇന്നുവരെ ഒരു ജീവിയേയും ഉപദ്രവിക്കാത്ത ആളാണ്. അതിന് ശക്തിയുള്ള ആളല്ല ഞാൻ. കെ സുധാകരനുമായി ഇന്നലെ ഫോണിൽ സംസാരിച്ചു. പാർട്ടിയോട് പറയേണ്ട കാര്യങ്ങൾ പാർട്ടിയോട് പറഞ്ഞിട്ടുണ്ട്.'- എം എൽ എ കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. എൽദോസ് കുന്നപ്പിള്ളിൽ വിളിച്ചതായും ഒളിവിൽ പോയതിൽ ഖേദം പ്രകടിപ്പിച്ചതായും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.