police

മലപ്പുറം: കിഴിശേരിയിൽ പ്ളസ് വൺ വിദ്യാർത്ഥിയെ നടുറോഡിൽ മർദിച്ച പൊലീസുകാരന് സസ്‌പെൻഷൻ. കോഴിക്കോട് മാവൂർ സ്റ്റേഷനിലെ ഡ്രൈവർ അബ്‌ദുൾ അസീസിനെയാണ് അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തത്. ഒക്‌ടോബർ 13നായിരുന്നു സംഭവം.

കുഴിമണ്ണ ഹയർസെക്കന്ററി സ്‌കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയായ മുഹമ്മദ് അൻഷിദിനാണ് മർദനമേറ്റത്. കിഴിശേരിയിൽ ബസ് കാത്തുനിൽക്കവേ രണ്ട് പൊലീസുകാർ ചേർന്ന് വിദ്യാർത്ഥിയെ മർദിക്കുകയായിരുന്നു. കുഴിമണ്ണ ഹയർസെക്കന്ററി സ്‌കൂളിൽ വിദ്യാർത്ഥികളുടെ സംഘർഷം ഉണ്ടായ ദിവസമായിരുന്നു വിദ്യാർത്ഥിയ്ക്ക് നേരെ അതിക്രമമുണ്ടായത്. മുഹമ്മദ് അൻഷിദിന് സംഘർഷവുമായി ഒരു ബന്ധവും ഇല്ലായിരുന്നു. നാഭിക്കടക്കം വിദ്യാർത്ഥിയ്ക്ക് ചവിട്ടേറ്റു.

സംഭവത്തിൽ ഉൾപ്പെട്ട എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ അബ്‌ദുൾ ഖാദറിനെ സ്ഥലം മാറ്റിയിരുന്നു. രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായതായി സ്‌പെഷ്യൽ ബ്രാ‌ഞ്ച് ഡി വൈ എസ് പി റിപ്പോർട്ട് നൽകിയിരുന്നു.