
വാഷിംഗ്‌ടൺ: പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സൗന്ദര്യവർദ്ധക ഉത്പന്ന കമ്പനിയായ ലോറിയലിനെതിരെ ഗുരുതര പരാതിയുമായി വനിത. ലോറിയലിന്റെ ഹെയർ സ്ട്രൈറ്റനിംഗ് ഉത്‌പന്നം ഉപയോഗിച്ചതിന് പിന്നാലെ ഗർഭാശയ അർബുദം ബാധിച്ചെന്ന പരാതിയിൽ അമേരിക്കൻ സ്വദേശിനിയായ ജെന്നി മിച്ചൽ ആണ് കമ്പനിക്കെതിരെ കേസ് ഫയൽ ചെയ്തത്. ഇന്നലെയാണ് യുവതി കേസ് നൽകിയത്.
താൻ രണ്ട് പതിറ്റാണ്ടിലേറെയായി ലോറിയലിന്റെ ഉത്പന്നങ്ങളാണ് ഉപയോഗിക്കുന്നതെന്നും ഉത്പന്നങ്ങൾ ഉപയോഗിച്ചതിന്റെ ഫലമായി അർബുദം ബാധിച്ച് ഗർഭപാത്രം നീക്കം ചെയ്യേണ്ടി വന്നതായും യുവതി പരാതിയിൽ പറയുന്നു. അമേരിക്കയിലെ കറുത്ത വർഗക്കാരായ വനികൾക്കിടയിൽ ഗർഭാശയ അർബുദം കൂടിവരുന്നതായി റിപ്പോർട്ടുകളുണ്ട്. കമ്പനികൾ തങ്ങളുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി കറുത്തവർഗക്കാരായ സ്ത്രീകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അഭിഭാഷകനായ ബെൻ ക്രംപ് വെളിപ്പെടുത്തി.
ഹെയർ സ്ട്രൈറ്റനിംഗ് ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗർഭാശയ അബുദത്തിന് കാരണമാകാമെന്ന് നാഷണൽ ക്യാൻസർ ഇൻസ്റ്റിട്യൂട്ടിന്റെ പഠനം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് യുവതി പരാതി നൽകിയിരിക്കുന്നത്. വർഷത്തിൽ നാല് തവണവരെ ഇത്തരം ഉത്പന്നങ്ങൾ ഉപയോഗിച്ചവരിൽ ക്യാൻസറിന്റെ സാദ്ധ്യത കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു.