
തിരുവനന്തപുരം: യുവാവിനെ കബളിപ്പിച്ച് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചെന്ന പരാതിക്ക് പിന്നാലെ മലപ്പുറം സ്വദേശിയായ യുവതിയും രംഗത്തെത്തി. വെബ്‌സീരീസിൽ അഭിനയിച്ചതോടെ ജീവിതം തകർന്നുവെന്നും സംവിധായികയുടെ ചതിയിൽ ആരും വീഴരുതെന്നും നടി പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികയ്ക്കും എതിരെ യുവതി നേരത്തേ തിരുവനന്തപുരം സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. സീരിയലിൽ അഭിനയിക്കാൻ എത്തിയ യുവതിയെ നിർബന്ധിച്ച് അശ്ലീല വെബ്‌സീരീസിൽ അഭിനയിപ്പിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
'ഭർത്താവും കുട്ടികളുമായി താമസിക്കുന്ന ഒരു സാധാരണ വീട്ടമ്മയായിരുന്നു. സീരിയൽ എന്ന് പറഞ്ഞാണ് അഭിനയിക്കാൻ എത്തിയത്. പിന്നീടാണ് വെബ്സീരീസാണ് എന്നറിയുന്നത്. അപ്പോഴേക്കും അവർ കരാറിൽ ഒപ്പുവയ്പ്പിച്ചിരുന്നു. താൽപ്പര്യമില്ലാതെയാണ് അഭിനയിച്ച് പൂർത്തിയാക്കിയത്. എന്നാൽ സീരീസ് റിലീസായതോടെ ജീവിതം തകർന്നു. ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ജോലിക്ക് പോകാൻ പറ്റില്ല, വീടില്ല, ഞാനിപ്പോൾ രണ്ടുവയസുള്ള കുഞ്ഞുമായി റെയിൽവേ സ്റ്റേഷനിലാണ് ഉറങ്ങുന്നത്. എല്ലാത്തിനും കാരണക്കാരി ആ സംവിധായികയാണ്. ഒരു പെൺകുട്ടിയും അവരുടെ ചതിയിൽ വീഴാൻ പാടില്ല. അതുകൊണ്ടാണ് ഞാൻ രംഗത്ത് വന്നത്. ആത്മഹത്യയുടെ വക്കിൽ നിന്നാണ് ഞാൻ സംസാരിക്കുന്നത്.'- യുവതി പറഞ്ഞു.
അതേസമയം, തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവ് നൽകിയ സമാന പരാതിയിൽ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ഒടിടി പ്ലാറ്റ്‌ഫോം ഉടമകളെയും സംവിധായികയെയും പ്രതിയാക്കിയാണ് കേസ്. വെബ്‌സീരീസിന്റെ ആദ്യ കുറച്ച് ഭാഗങ്ങൾ ചിത്രീകരിച്ച ശേഷമാണ് കരാറിൽ ഒപ്പുവയ്പ്പിച്ചതെന്നാണ് യുവാവിന്റെ ആരോപണം. അതിന് ശേഷം അശ്ലീല ചിത്രമാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി അഭിനയിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. കരാറിൽ നിന്ന് പിന്മാറിയാൽ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംവിധായിക ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. 20,000 രൂപയാണ് ചിത്രീകരണത്തിന് ശേഷം പ്രതിഫലമായി യുവാവിന് നൽകിയത്.
തിരുവനന്തപുരം അരുവിക്കരയിലെ അപ്പാർട്ട്‌മെന്റിൽ വച്ചായിരുന്നു ചിത്രീകരണം. ഒപ്പുവച്ച കരാർ രണ്ട് ദിവസത്തിനകം നൽകാമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തിരികെ നൽകിയിട്ടില്ല. കൊച്ചിയിൽ ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഇപ്പോൾ യുവാവ് താമസിക്കുന്നത്.