
കാസർകോട്: സ്കൂൾ ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ ഇരുമ്പ് പന്തൽ തകർന്നുവീണ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. പന്തൽ കറാറുകാരൻ ഗോകുൽ ദാസ്, അഹമ്മദലി എ പി, അബ്ദുൾ ബഷീർ, അബ്ദുൾ ഷാമിൽ, ഇല്യാസ് മുഹമ്മദ്, അഷ്റഫ് എന്നിവരാണ് പിടിയിലായത്. ജുവനൈൽ നിയമം ഉൾപ്പെടുത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മഞ്ചേശ്വരം ഉപജില്ലയിലെ ബേക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് പന്തൽ തകർന്നുവീണത്. ഈ സമയം പന്തലിനുള്ളിൽ 300 ഓളം കുട്ടികൾ ഉണ്ടായിരുന്നു. പന്തലിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്നാണ് പുറത്തെത്തിച്ചത്.
അപകടത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഉൾപ്പടെ 59 പേർക്ക് പരിക്കേറ്റു. 11 പേർ മംഗളൂരു ദേരളക്കട്ട കെ. എസ് ഹെഗ്ഡെ ആശുപത്രിയിലും മൂന്ന് പേർ ഫാദർ മുള്ളേർസിലും ഏഴ് പേർ ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. മറ്റുള്ളവർക്ക് മംഗൽപ്പാടി പി. എച്ച്.സിയിൽ പ്രഥമ ശുശ്രൂഷ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഡി.എം.ഒ ഡോ.ഏ.വി. രാംദാസ് അറിയിച്ചു.