vd-satheesan

തിരുവനന്തപുരം: സിപിഎമ്മിലെ മുൻമന്ത്രിമാർക്കും, മുൻ സ്പീക്കർക്കുമെതിരായ സ്വപ്‌ന സുരേഷിന്റെ ലൈംഗിക ആരോപണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. എൽദോസിനോട് ചെയ‌്തത് മുൻ മന്ത്രിമാർക്ക് ബാധകമല്ലേയെന്ന് വി.ഡി സതീശൻ ചോദിച്ചു. ബിജെപി നേതൃത്വവും സിപിഎം നേതൃത്വവും ധാരണയിലാണ്. അതുകൊണ്ടാണല്ലോ ലാവ്‌ലിൻ കേസ് മുപ്പത്തിമൂന്നാമത്തെ പ്രാവശ്യവും മാറ്റിവച്ചതെന്ന് പ്രതിപക്ഷനേതാവ് ചോദിച്ചു.

വി.ഡി സതീശന്റെ പ്രതികരണം

'സിപിഎമ്മിലെ മുൻമന്ത്രിമാർക്കെതിരെ ആരോപണം വന്നിരിക്കുകയാണ്. അതും ഒരു സ്ത്രീയുടെ പരാതിയാണ്. എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎയ‌്ക്കെതിരെ പരാതി വന്നപ്പോൾ ഞങ്ങൾ ആ സ്ത്രീയുടെ പശ്ചാത്തലം അന്വേഷിച്ച് പോയില്ല. പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ഞങ്ങൾ പറഞ്ഞത്. മുൻ മന്ത്രിമാർക്കെതിരായ പരാതിയിൽ എഫ് ഐ ആർ എങ്കിലും പൊലീസ് എടുക്കേണ്ടതല്ലേ?

മുൻ മന്ത്രിമാർക്കെതിരെ ലൈംഗിക ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് ഉന്നയിച്ചിരിക്കുന്നത്. കേസെടുത്ത് അന്വേഷിക്കുകയാണ് ആദ്യം വേണ്ടത്. നിരപരാധികളാണെങ്കിൽ അവരത് തെളിയിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിക്കെതിരെയും ഉന്നയിച്ചത്. കോടതിയിൽ 164 സ്‌റ്റേറ്റ്‌മെന്റ് കൊടുത്തിട്ടു പോലും ഇ.ഡി അത് അന്വേഷിച്ചിട്ടില്ല. കാരണം, ഇ.ഡിയും കേരളത്തിലെ ബിജെപി നേതൃത്വവും സിപിഎം നേതൃത്വവും ധാരണയിലാണ്. അതിൽ ഒരു സംശയവുമില്ല. അതുകൊണ്ടാണല്ലോ ലാവ്‌ലിൻ കേസ് മുപ്പത്തിമൂന്നാമത്തെ പ്രാവശ്യവും മാറ്റിവച്ചത്. കേരളത്തിൽ സിപിഎം തകരുന്ന കാര്യങ്ങളൊന്നും തന്നെ ബിജെപി കേന്ദ്രനേതൃത്വം ചെയ്യില്ല. കോൺഗ്രസ് മുക്തഭാരതം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവർ സിപിഎമ്മിനെ അല്ലാതെ മറ്റാരെയാണ് കേരളത്തിൽ ഇഷ്‌ടപ്പെടുക എന്നും വി.ഡി സതീശൻ ചോദിച്ചു.

എൽദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഇന്നുതന്നെ ഉണ്ടായേക്കുമെന്നും, ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ കെപിസിസി അദ്ധ്യക്ഷൻ അക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.