
ഇന്നത്തെ ഫാഷനിൽ ഒഴിച്ചുകൂടാനാവാത്ത ആഭരണമായി മാറിയ ഒന്നാണ് മൂക്കുത്തി. നാടൻ വസ്ത്രങ്ങളോടൊപ്പം മാത്രം കണ്ടുവന്നിരുന്ന ഈ ആഭരണം ഇന്ന് വെസ്റ്റേൺ ലുക്കിന്റെയും ഭാഗമായിരിക്കുകയാണ്. ജീൻസ്, ടോപ്പ്, ഷോർട്‌സ്, കുർത്ത എന്നിവയോടൊപ്പം മൂക്കുത്തി ധരിക്കുന്നവർ ഇന്ന് ധാരാളമുണ്ട്. എന്നാൽ മൂക്കുത്തി അണിയുന്നതിന് പിന്നിലും ചില വിശ്വാസങ്ങളും ആചാരങ്ങളുമുണ്ട്. ഇവ അറിഞ്ഞിരിക്കേണ്ടതും വളരെ പ്രധാനമാണ്. മൂക്കിന്റെ ഏത് വശത്ത് മൂക്കുത്തി അണിയണം, ഏത് ലോഹം കൊണ്ട് നിർമിച്ച മൂക്കുത്തിയാണ് നല്ലത്, ആർക്കൊക്ക അണിയാം എന്നത് മനസിലാക്കാം.
മൂക്കിന്റെ ഇടത് ഭാഗത്ത് മൂക്കുത്തി അണിയുന്നതാണ് ഏറ്റവും ഉത്തമമെന്ന് ആചാര ഗ്രന്ഥങ്ങൾ പറയുന്നു. സ്വർണം, വെള്ളി തുടങ്ങിയവ കൊണ്ടുള്ള മൂക്കുത്തി ധരിക്കുന്നവർ അനേകം പേരുണ്ട്. എന്നാൽ സ്വർണ മൂക്കുത്തി ധരിക്കുന്നതാണ് ഏറ്റവും നല്ലത്. സ്വർണത്തിന് ശുഭഗ്രഹങ്ങളായ വ്യാഴത്തിന്റെയും രവിയുടേയും, ചൊവ്വയുടേയും സ്വാധീനമുള്ളതായി ഗ്രന്ഥങ്ങളിൽ വ്യക്തമാക്കുന്നു. കൂടാതെ സ്വർണത്തിന് ലക്ഷ്മിദേവിയുടെ അനുഗ്രഹവുമുണ്ട്. അതുകൊണ്ട് തന്നെ സ്വർണ മൂക്കുത്തി അണിയുന്നത് ഏറെ അനുകൂല ഫലങ്ങൾ നൽകും.
വജ്ര മൂക്കുത്തി ധരിക്കാൻ ഇഷ്ടപ്പെടുന്നവരും ഇന്ന് ധാരാളമുണ്ട്. ഇവ കാഴ്ചയ്ക്ക് കൂടുതൽ ഭംഗി നൽകുന്നുവെങ്കിലും എല്ലാവർക്കും ധരിക്കാവുന്ന രത്നമല്ല വജ്രം. ജാതക പ്രകാരം ശുക്രൻ അനിഷ്ഠ സ്ഥാനങ്ങളിൽ നിൽക്കുന്നവർക്ക് വജ്രം ധരിക്കുന്നത് അനുയോജ്യമല്ല. എന്നാൽ ശുക്രൻ അനുകൂല സ്ഥാനത്ത് നിൽക്കുന്നവർക്കും ശുക്രന്റെ രാശിയിൽ ജനിച്ചവർക്കും വജ്രാഭരണങ്ങൾ ധരിക്കുന്നത് ഏറെ ഗുണം ചെയ്യും.
മാത്രമല്ല സ്ത്രീകളുടെ മൂക്കിന്റെ ഇടതുഭാഗത്തിന് പ്രത്യുൽപാദനവുമായി ബന്ധമുള്ളതായി കണക്കാക്കുന്നു. ഇടത് മൂക്കുകുത്തുമ്പോൾ നാഡികളുടെ ഗർഭപാത്രം കൂടുതൽ കരുത്താർജിക്കുന്നുവെന്നും ആർത്തവ, പ്രസവ വേദനകൾ കുറയുമെന്നും ആയുർവേദത്തിൽ ചൂണ്ടിക്കാട്ടുന്നു. വലതുവശത്ത് മൂക്കുത്തി ധരിക്കുന്നതിൽ ദോഷഫലങ്ങളില്ലെങ്കിലും ഇടതുവശത്ത് അണിയുന്നതാണ് ആചാരപ്രകാരം ഉത്തമം. അതേസമയം, വിവാഹിതരായവർ മൂക്കുകുത്തുന്നതിൽ ദോഷമൊന്നുമില്ലെന്നാണ് ആചാരങ്ങൾപ്രകാരം വ്യക്തമാക്കുന്നത്. വിവാഹിതരായ സ്ത്രീകൾ മൂക്കുത്തി അണിയുന്നത് ഭർത്താവിനും മക്കൾക്കും ദോഷം ചെയ്യുമെന്ന് പറയുന്നതിൽ ആചാരപ്രകാരം അനുശാസനമില്ല.