adhish-anandu

കിളിമാനൂർ: തെർമൽ പ്ലാന്റും റോബോട്ടുമൊക്കെയായി കിളിമാനൂർ ഉപജില്ലാ ശാസ്ത്രമേളയിൽ എത്തിയ ചേട്ടൻമാർക്കിടയിൽ ചുരുങ്ങിയ ചെലവിൽ വ്യത്യസ്തമായൊരു വർക്കിംഗ് മോഡലുമായി ശ്രദ്ധേയരാവുകയാണ് അഞ്ചാം ക്ലാസുകാരായ ആദിഷും അനന്തുവും.

പരിസരത്ത് കാണുന്ന പട്ടാള ഈച്ചയെന്ന സോൾജിയർ ഫ്ലൈയെ പച്ചക്കറി മാലിന്യത്തിലേക്ക് ആകർഷിച്ച് അവിടെ മുട്ടയിടാനുള്ള അവസരം ഒരുക്കിയാൽ കുറഞ്ഞ ചെലവിൽ പ്രോട്ടീൻ സമ്പുഷ്ടമായ കോഴിത്തീറ്റ ഉത്പാദിപ്പിക്കാമെന്ന് ഇവർ പ്രവർത്തന മാതൃക കാട്ടി വിശദീകരിക്കുന്നു.

പട്ടാള ഈച്ചയിടുന്ന മുട്ടകൾ രണ്ടു ദിവസത്തിനകം വിരിയുകയും ഒരാഴ്ചകൊണ്ട് പുഴുക്കൾ നാനൂറ് ഇരട്ടിയിലേറെ വളർച്ച നേടുകയും ചെയ്യും. ഈ പുഴുക്കളെ കോഴിത്തീറ്റയായും മത്സ്യത്തീറ്റയായും ഉപയോഗിക്കാൻ കഴിയും. വാമനപുരം ഡി.ബി.എച്ച്.എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ രണ്ടു പേരും ആദ്യമായാണ് സബ് ജില്ലാ മേളയിൽ പങ്കെടുക്കുന്നത്. യുട്യൂബ് നോക്കിയും ഗൂഗിളിൽ സെർച്ച് ചെയ്തും കിട്ടിയ വിവരങ്ങൾ വർക്കിംഗ് മോഡലാക്കി മാറ്റിയത് ക്ലാസ് ടീച്ചറായ സജി കിളിമാനൂരിന്റെ സഹായത്തോടെയാണ്. മേളയിൽ സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും വ്യത്യസ്തമായ ഒരാശയവുമായി ശാസ്ത്രമേളയിൽ പങ്കെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് രണ്ടുപേരും.