
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയുള്ള തെളിവ് പുറത്തുവിടുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ കുടുംബത്തിനുമെതിരെയുള്ള തെളിവ് തന്റെ കൈയിലുണ്ടെന്നും അത് സമയമാകുമ്പോൾ പുറത്തുവിടുമെന്നും സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
കേസുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ, അത് കേസിനെ ബാധിക്കുമെന്നതിനാലാണ് തെളിവുകൾ പൊതുജനസമക്ഷത്തിൽ അവതരിപ്പിക്കാത്തതെന്ന് സ്വപ്ന പറഞ്ഞു. 'ചതിയുടെ പത്മവ്യൂഹം' എന്ന തന്റെ ആത്മകഥയുടെ രണ്ടാം ഭാഗം വരുമെന്നും അതിൽ ഒരു ന്യൂക്ലിയർ ബോംബുണ്ടാകുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് പല ബിസിനസുകളും കൊണ്ടുവരണമെന്ന പദ്ധതിയുമായി മുഖ്യമന്ത്രിക്ക് വേണ്ടി ശിവശങ്കർ മുന്നോട്ടുപോയിക്കൊണ്ടിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് താനും പല കാര്യങ്ങളിലും ഇടപെട്ടത്. പക്ഷേ കേരളത്തിലേക്ക് ഒന്നും വരാൻ പോകുന്നില്ല. ഇവിടെ എന്താണ് വികസനമെന്ന് സ്വപ്ന ചോദിച്ചതായും സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു