kings-guards

രാജ്ഞിയുടെ കാവൽഭടന്മാർ എന്നാണ് ബ്രിട്ടണിലെ സുരക്ഷാ സൈനികർ അറിയപ്പെടുന്നത്. ബക്കിംഗ്‌ഹാം കൊട്ടാരവുമായി ബന്ധപ്പെട്ട് പല ചടങ്ങുകളിലും ചുവന്ന കോട്ടും കറുത്ത വലിയ തൊപ്പിയും ധരിച്ച ഇവരെ കാണാൻ കഴിയും. ആ നീളമുള്ള കറുത്ത തൊപ്പി തന്നെയാണ് ഈ ഭടന്മാരുടെ ഏറ്റവും വലിയ പ്രത്യേകത. അടുത്തിടെ അന്തരിച്ച ബ്രിട്ടന്റെ രാ‌ജ്ഞി എലിസബത്തിന്റെ സംസ്‌കാര ചടങ്ങുകളിലും പലരുടെയും ശ്രദ്ധാകേന്ദ്രമായത് ഈ കാവൽഭടന്മാരുടെ 'പ്രത്യേകതയുള്ള തൊപ്പി'യാണ്.

എന്നാൽ ആയിരക്കണക്കിന് മിണ്ടാപ്രാണികളുടെ ജീവനാണ് അലങ്കാരവസ്തുവായി ബ്രിട്ടണിലെ സൈനികർ ധരിക്കുന്നതെന്ന് എത്രപേർക്കറിയാം? കരടികളുടെ രോമത്തിൽ നിന്നാണ് ഈ തൊപ്പികൾ ഉണ്ടാക്കുന്നത്. അതിനായി വർഷംതോറും നൂറുകണക്കിന് കരടികളെയാണ് ബ്രിട്ടണിൽ കൊന്നൊടുക്കുന്നത്.

The Royal Guards still make their hats from real bearskin, and one bear has to be shot to make one. pic.twitter.com/3WOrR4ipQY

— 云南小禅 (@aVK3sDqcWABhBbj) October 20, 2022

കനേഡിയൻ കറുത്ത കരടികളുടെ രോമമാണ് ഇത്തരത്തിലുള്ള തൊപ്പികൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. എന്നാൽ എല്ലാ പട്ടാളക്കാരും ഒരേതരത്തിലുള്ള തൊപ്പികളല്ല ധരിക്കുന്നത്. സാധാരണ സൈനികർ കറുത്ത കരടികളുടെ രോമം കൊണ്ടുണ്ടാക്കുന്ന തൊപ്പികൾ ഉപയോഗിക്കുമ്പോൾ, ഉയർന്ന റാങ്കിലുള്ളവർ തവിട്ട് നിറമുള്ളവയുടെ രോമം ഉപയോഗിച്ചുള്ള തൊപ്പികളാകും ധരിക്കുക. പതിനേഴാം നൂറ്റാണ്ട് മുതലാണ് ബ്രിട്ടീഷ് സൈനികർ കരടിത്തൊപ്പി ധരിച്ചു തുടങ്ങിയതെന്നാണ് നിഗമനം. 650 ഡോളർ വിലവരുന്നതാണ് ഓരോ തൊപ്പിയും.

ഇതിനോടകം തന്നെ മൃഗസംരക്ഷണ പ്രവർത്തകരുടെ വലിയ വിമർശനം ഇതിനെതിരെ ഉയർന്നുകഴിഞ്ഞു. ഒരു തൊപ്പി നിർമ്മിക്കാൻ ഒരു കരടിയുടെ ജീവനാണ് നിർദാക്ഷിണ്യം എടുക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ മൃഗസംരക്ഷണപ്രവർത്തകർ വാദിക്കുന്നു. ബ്രിട്ടണിലെ പുതിയ രാജാവ് ചാൾസ് മൂന്നാമൻ ഇത്തരം ആചാരങ്ങൾക്ക് അന്ത്യം കുറിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.