
പ്രായമാകുമ്പോൾ സ്വാഭാവികമായി മുടി നരയ്ക്കാറുണ്ടെങ്കിലും അകാലനര ഒരു പ്രശ്നം തന്നെയാണ്. സ്ട്രെസ് മുതൽ മുടിയിൽ നടത്തുന്ന പരീക്ഷണങ്ങൾ പോലും അകാല നര ഉണ്ടാകാനുള്ള കാരണങ്ങളാണ്. ഇങ്ങനെ നരച്ച മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില മാർഗങ്ങളുണ്ട്. അതിലൊന്നാണ് വെളിച്ചെണ്ണയും നാരങ്ങയും ഉപയോഗിച്ചുള്ള മാർഗം. എങ്ങനെയാണ് ഈ ചേരുവകൾ ഉപയോഗിച്ച് നരച്ച മുടി കറുപ്പിക്കുന്നതെന്ന് നോക്കാം.
വെളിച്ചെണ്ണ
മുടിയുടെ ആരോഗ്യത്തിന് പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒന്നാണ് വെളിച്ചെണ്ണ. വരണ്ട മുടിക്ക് സ്വാഭാവിക ഈർപ്പം നൽകാനും മുടിക്ക് തിളക്കം നൽകാനും വെളിച്ചെണ്ണ സഹായിക്കുന്നു. മുടിയുടെ വരണ്ട സ്വഭാവമാണ് മുടി നരയ്ക്കാനുള്ള പ്രധാന കാരണം. ഇതിന് പരിഹാരമാകാൻ വെളിച്ചെണ്ണ സഹായിക്കുന്നു.
നാരങ്ങാ നീര്
മുടി വൃത്തിയാക്കാനും തിളക്കം നൽകാനും നാരങ്ങാ നീര് സഹായിക്കുന്നു. ഇതിലെ വൈറ്റമിൻ സി മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടിയുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ നാരങ്ങാനീര് നല്ലതാണ്. എന്നാൽ ഒരിക്കലും ഇത് നേരിട്ട് മുടിയിൽ ഉപയോഗിക്കാൻ പാടില്ല. അതിനാൽ ചെറിയ അളവിൽ നാരങ്ങാ നീരെടുത്ത് എന്തിനോടെങ്കിലും മിക്സ് ചെയ്ത ശേഷം മാത്രം തലയിൽ തേയ്ക്കുക.
ഉപയോഗിക്കേണ്ട വിധം
എട്ട് ടീസ്പൂൺ വെളിച്ചെണ്ണയിലേയ്ക്ക് മൂന്ന് ടീസ്പൂൺ നാരങ്ങാനീര് ചേർക്കണം. ഇത് മുടിയിൽ നന്നായി തേയ്ച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. മുടി കറുപ്പിക്കാനും താരൻ മാറി തിളക്കം കിട്ടാനും ഇത് സഹായിക്കും.