
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് .രാജമൗലി സംവിധാനം ചെയ്യുന്ന പേരിടാത്ത തെലുങ്ക് ചിത്രത്തിൽ കാർത്തിയും. കാർത്തിയുടെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. ചിത്രത്തിൽ സുപ്രധാന വേഷമാണ് കാർത്തി അവതരിപ്പിക്കുന്നത്. എസ്.എസ്.എം.ബി 29 എന്നാണ് താത്കാലികമായി ചിത്രത്തിന്റെ പേര്. ആലിയ ഭട്ടിനെയായിരുന്നു നായികയായി പരിഗണിച്ചിരുന്നത്. എന്നാൽ ആലിയയക്കു പകരം ബോളിവുഡ് താരം ദീപിക പദുകോൺ നായികയായി എത്തുന്നു. രാജമൗലി തന്നെ സംവിധാനം ചെയ്ത ആർ.ആർ.ആർ ആയിരുന്നു ആലിയയുടെ ആദ്യ തെലുങ്ക് ചിത്രം. ഗർഭിണിയായതിനാൽ ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് ആലിയയുടെ പിൻമാറ്റം. അതേസമയം ത്രിവിക്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഹേഷ് ബാബു ഇപ്പോൾ അഭിനയിക്കുന്നത്. ഈ ചിത്രം പൂർത്തിയായ ശേഷം രാജമൗലി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളൂ.