governor

ന്യൂഡൽഹി: വൈസ് ചാൻസലർമാരെ നിയമിക്കാൻ ആർക്കാണ് അർഹതയെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സാങ്കേതിക സർവകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വായിച്ചുകൊണ്ടാണ് ഗവർണർ സർക്കാരിന് മുന്നറിയിപ്പ് നൽകിയത്.

യു ജി സി മാനദണ്ഡം ലംഘിച്ച ഒറ്റപേര് പരിഗണിച്ച് നിയമിച്ച അഞ്ച് വൈസ് ചാൻസലർമാരുടെ ഭാവി ആശങ്കയിൽ നിൽക്കുന്നതിനിടെയാണ് ഗവർണറുടെ മുന്നറിയിപ്പ്. വിസിമാരുടെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നു.

എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായി ഡോ രാജശ്രീ എം എസിനെ നിയമിച്ചത് സുപ്രീം കോടതി ഇന്നലെയാണ് റദ്ദാക്കിയത്. നിയമനം യു ജി സി ചട്ടങ്ങൾ പ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റ് എൻജിനീയറിംഗ് ഫാക്കൽറ്റി മുൻ ഡീൻ പ്രൊഫ.ശ്രീജിത്ത് പി എസ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് എം ആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്റെ വിധി.