
തിരുവനന്തപുരം: പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതി പൊലീസിന് കീഴടങ്ങുകയായിരുന്നെന്ന് സൂചന. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്താണ് കീഴടങ്ങിയത്. കൊലപാതകത്തിന് കാരണം പ്രണയപ്പകയാണെന്നാണ് റിപ്പോർട്ടുകൾ. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം. ഫോൺ കോളുകളാണ് അന്വേഷണത്തിൽ നിർണായകമായത്.
പ്രതിക്ക് വിഷ്ണുപ്രിയയുമായി നേരത്തെ സൗഹൃദമുണ്ടായിരുന്നു. സമീപനാളുകളിൽ ഈ അടുപ്പം ഇല്ലാതായതായും ഇതാകാം കൊലപാതകത്തിന് കാരണമെന്നുമാണ് സംശയിക്കുന്നത്. ശ്യാംജിത്തിനെ ചോദ്യം ചെയ്തുവരികയാണെന്നാണ് സൂചന.
അതിക്രൂരമായിട്ടാണ് പ്രതി കൃത്യം നടത്തിയത്. കിടപ്പുമുറിയിലെ കട്ടിലിലാണ് വിഷ്ണുപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. കഴുത്ത് അറ്റുതൂങ്ങിയ നിലയിലായിരുന്നു. ഇരുകൈകളും വെട്ടിമുറിച്ചു. നാല് ദിവസം മുമ്പാണ് യുവതിയുടെ അച്ഛമ്മ മരിച്ചത്. ഇവിടെ നിന്നും വസ്‌ത്രം മാറാനും മറ്റും വന്നതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും യുവതിയെ കാണാതായപ്പോൾ ബന്ധുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷ്ണുപ്രിയ സുഹൃത്തിനെ വാട്സാപ്പിൽ വീഡിയോ കോൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പ്രതി ഇവിടേക്ക് വന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഇയാൾ വരുന്നത് യുവതി സുഹൃത്തിന് വീഡിയോ കോളിൽ കാണിച്ചുകൊടുത്തു. പേരും വിഷ്ണു പ്രിയ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഉടൻ ഫോൺ കട്ടാവുകയായിരുന്നു.