
കോഴിക്കോട്: ലൈംഗികപീഡന ആരോപണക്കേസിൽ പ്രതിയായ എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രൻ കൊയിലാണ്ടി പൊലീസിൽ കീഴടങ്ങി. ഹൈക്കോടതി അദ്ദേഹത്തിന്റെ മുൻകൂർജാമ്യം റദ്ദാക്കിയ സാഹചര്യത്തിലായിരുന്നു കൊയിലാണ്ടി സി.ഐ കെ.ആർ.രഞ്ജിത്ത് മുമ്പാകെ കീഴടങ്ങിയത്. ഇന്നലെ രാവിലെ പത്തിന് നാലുപേർക്കൊപ്പമാണ് സിവിക് എത്തിയത്. തുടർന്ന് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും മൊഴിയെടുക്കുകയും ചെയ്തു. ഒരുലക്ഷം രൂപയുടെയും രണ്ട് ആൾജാമ്യത്തിന്റെ ബലത്തിലുമാണ് വിട്ടത്.
2020 ഫെബ്രുവരി എട്ടിന് നടന്ന സാഹിത്യക്യാമ്പിനുശേഷം പരാതിക്കാരിയായ യുവതി കടൽത്തീരത്ത് വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറിയെന്നായിരുന്നു കേസ്. ഒരു ദളിത് യുവതി നൽകിയ ലൈഗിംകപീഡനക്കേസും സിവിക്കിനെതിരായി നിലവിലുണ്ട്.