
എറണാകുളം: തൊട്ടതെല്ലാം പൊന്നാക്കുക എന്നത് വെറുമൊരു പഴമൊഴിമാത്രമല്ല. പെരുമ്പാവൂരുർ കൂവപ്പടി മലേക്കുടി എം.പി. ജോർജ് എന്ന ബഹുമുഖ പ്രതിഭയുടെ ജീവിതാനുഭവമാണ്. കൃഷി, രാഷ്ട്രീയം, കരാട്ടെ, ഡയറിഫാം, പൊതുപ്രവർത്തനം, കുടുംബം എല്ലാത്തിലും ജോർജിന് വേറിട്ട വ്യക്തിത്വമാണെന്ന് നാട്ടുകാർ പറയും. ഓൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക് ദേശിയ ചെയർമാൻ എന്ന നിലയിൽ തിരക്കിട്ട രാഷ്ട്രീയ പ്രവർത്തനങ്ങളുമായി രാജ്യത്താകമാനം ഓടിനടക്കുമ്പോഴും ജനിച്ചുവളർന്ന നാടിന്റെ മാനവും മഹത്വവും കാക്കണമെന്ന കാര്യത്തിൽ ജോർജിനും നിർബന്ധമുണ്ട്. കാർഷിക പാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച്കരാട്ടെ പരിശീലകനിലൂടെ ദേശിയശ്രദ്ധയാർജിച്ച ശേഷമാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അതും നാട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി.
1995 ലെ തിരഞ്ഞെടുപ്പിൽ മുടക്കുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സർവ്വസമ്മതനായൊരു പൊതു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന നാട്ടുകാരുടെ തീരുമാനത്തിൽ നറുക്കുവീണത് കരാട്ടെ മാഷ് ആയിരുന്ന ജോർജിനാണ്. അന്നുവരെ വിശ്വസിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ ചില പ്രാദേശിക നേതാക്കൾക്ക് അതത്ര പിടിച്ചില്ല. അതുകൊണ്ട് 15 വോട്ടിന് പരാജയപ്പെട്ടു. പക്ഷേ ജോർജിന്റെ ജീവിതത്തിൽ അതൊരു പരാജയമായിരുന്നില്ല. മുമ്പോട്ട് കുതിക്കാനുള്ള പ്രചോതനമായിരുന്നു. സജീവരാഷ്ട്രീയത്തിൽ ഒരുകൈ പയറ്റാൻ തീരുമാനിച്ചു. കേരളകോൺഗ്രസ് നേതാവ് കെ.എം. മാണിയോടുള്ള ആരാധന കാരണം അദ്ദേഹത്തിന്റെ അനുയായി രംഗത്തുവന്നു. അധികം വൈകാതെ പി.സി. തോമസ് വിഭാഗം കേരളകോൺഗ്രസ് (എം) വിട്ട് ഐ.എഫ്.ഡി.പി രൂപീകരിച്ചപ്പോൾ അതിനൊപ്പം ചേർന്ന് ജില്ല പ്രസിഡന്റ് ആയി. ഐ.എഫ്.ഡി.പി ദേശിയ തലത്തിൽ എൻ.ഡി.എ യുടെ സഖ്യകക്ഷിയായി. 2006ൽ ഐ.എഫ്.ഡി.പി യുടെ നേതൃത്വത്തിൽ അഴിമതിക്കും സാമ്പത്തിക കെടുകാര്യസ്ഥതതയ്ക്കുമെതിരെ കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ പ്രചാരണവാഹന ജാഥയുടെ ക്യാപ്ടനായി പ്രവർത്തിച്ചു.
2004ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറന്നുകൊണ്ട് പി.സി. തോമസ് വിജയിച്ചുകയറിയ തിരഞ്ഞെടുപ്പിന്റെ മുഖ്യചുമതലക്കാരനായിരുന്നു. കുറച്ചുകാലത്തെ പിണക്കത്തിന് ശേഷം പി.സി. തോമസ് മാതൃസംഘടനയിലേക്ക് മടങ്ങിപ്പോയപ്പോൾ എം.പി. ജോർജും കൂട്ടരും ഐ.എഫ്.ഡി.പി യിൽ ഉറച്ചുനിന്നു. ലീഡർ എന്ന നിലയിൽ പി.സി. തോമസ് പാർട്ടി പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗീകാരം റദ്ദാക്കിയിരുന്നില്ല. ഈ അവസരം മുതലെടുത്ത് ജോർജ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് പാർട്ടിയുടെ ഔദ്യോഗിക നേതൃത്വം ഏറ്റെടുത്തു. അങ്ങനെ രാജ്യത്താകമാനമുള്ള ചെറുപാർട്ടികളുടെ നേതാക്കളുമായി നല്ല സൗഹൃദത്തിലായി. ഇതിനിടെ ഇടതുപക്ഷത്തെ ഫോർവേഡ് ബ്ലോക്കിൽ നിന്ന് ദേവരാജൻ വിഭാഗം യു.ഡി.എഫ് പക്ഷത്തേക്ക് കൂറുമാറിയപ്പോൾ ബംഗാളിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ കുറച്ചുനാതാക്കൾ പാർട്ടിവിട്ടു. അത്തരം അസംതൃപ്തരെയെല്ലാം സംഘടിപ്പിച്ചുകൊണ്ട് 2016 ൽ എറണാകുളത്ത് വിളിച്ചുചേർത്ത കൺവെൻഷനിലാണ് ഓൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക് എന്ന പുതിയ പാർട്ടിക്ക് രൂപം നൽകിയത്. ആ സമ്മേളനം പാർട്ടിയുടെ അഖിലേന്ത്യ ചെയർമാനായി എം.പി. ജോർജിനെ ഐകകണ്ഠേന തിരഞ്ഞെടുത്തു.
രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ വേരോട്ടമുള്ള പാർട്ടി കേരളത്തിൽ ഇടതുപക്ഷ മുന്നണിയുമായി യോജിച്ചാണ് പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽ ഡി.എം.കെ. മുന്നണിക്കൊപ്പമാണ്. അവിടെ തേവർ സമുദായത്തിനിടയിൽ വലിയ സ്വാധീനമുള്ള പാർട്ടിയാണ് ഓൾ ഇന്ത്യ ഫെഡറൽ ബ്ലോക്ക്. സുഭാഷ് ചന്ദ്രബോസിനൊപ്പം പ്രവർത്തിച്ച പശുംപൊൻ മുത്തുരാമലിംഗ തേവരുടെ അനുയായികൾ ഒന്നടങ്കം ഈ പാർട്ടിക്കൊപ്പമാണ്. ഈ മാസം 27ന് പശുംപൊൻ ഗ്രാമത്തിലും ചെന്നൈയിലും നടക്കുന്ന മുത്തുരാമലിംഗ തേവർ ജയന്തി ആഘോഷത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നതും അവരുടെ ദേശിയ തലൈവൻ കൂടിയായ എം.പി. ജോർജിനെയാണ്. കാർഷിക, വ്യാവസായി മേഖലയിൽ വ്യക്തമായ നയസമീപനങ്ങളുമായി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്ന പുതിത പ്രത്യയശാസ്ത്രത്തിന്റെ നേതാവ് എന്ന നിലയിൽ ജോർജ് ശ്രദ്ധേയനാണ്. തുടക്കം യാദൃശ്ചിമായിരുന്നെങ്കിലും ഒരുകുതിപ്പിൽ അഖിലേന്ത്യാ നേതൃത്വത്തിൽ വരെ എത്തിയതുകൊണ്ട് നിരന്തര യാത്രകൾ അനിവാര്യമാണ്. അതേസമയം രാഷ്ട്രീയപ്രവർത്തനം ജീവനോപാധിയയായി സ്വീകരിച്ചിട്ടുമില്ല. അതുകൊണ്ടുതന്നെ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവഴിച്ച് പൊതുപ്രവർത്തനം നടത്തുമ്പോൾ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തകരാതിരിക്കാനാണ് കൃഷിയിലും അനുബന്ധമായി ക്ഷീരവ്യവസയാത്തിലും ശ്രദ്ധകേന്ദ്രീകരിച്ചത്.
കരാട്ടെ പരിശീലകൻ
കൊച്ചിൻ കലാഭവനിൽ നിന്നാണ് ജോർജ് കരാട്ടേയുടെ ബാലപാഠം അഭ്യസിച്ചത്. പിന്നീട് കളരിത്തറിയിലും പയറ്റിത്തെളിഞ്ഞശേഷം ടി.വി. നാരായണൻ എന്ന ആശാന് കീഴിൽ കരാട്ടെ പരിശീലനം പൂർത്തിയാക്കി സെക്കൻഡ് ഡാൻ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി. അതിനുശേഷം മലേഷ്യൻ സെൻസായി റിക്കിവോസേക്ക്ഖറുടെ കീഴിൽ ബംഗളുരൂ, മംഗലാപുരം എന്നിവിടങ്ങിൽ പരിശീലനം നേടി സിക്സ്ത്ത് ഡാൻ ബ്ലാക്ക് ബെൽറ്റ് നേടി പരിശീലകനായി. പെരുമ്പാവൂരിന് പുറമെ ഉടുപ്പി, കുന്ദാപുരം, സൂരത്തുകൽ, മംഗലാപുരം തുടങ്ങി കേരളം, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കരാട്ടേ ക്ലാസുകൾ ആരംഭിച്ചു. ഏതാണ്ട് 2000 ൽപ്പരം ശിഷ്യന്മാർക്ക് ബ്ലാക്ക് ബെൽറ്റ് നേടിക്കൊടുത്തിട്ടുണ്ട്. രാഷ്ട്രീയ രംഗത്തും ക്ഷീരമേഖലയിലും ശ്രദ്ധകേന്ദ്രീകരിച്ചതോടെ കരാട്ടെ പരിശീലനം ശിഷ്യന്മാരെ ഏൽപ്പിച്ച് ഇടവേള എടുത്തു. എങ്കിലും പഠിച്ചതൊഴിൽ കൈവിട്ടുകളായാൻ ഒരുക്കമല്ലെന്നാണ് ജോർജിന്റെ നിലപാട്. നാട്ടിലെ ചില വിദ്യാലയങ്ങളിൽ കരാട്ടെ പരിശീലനത്തിന് നേതൃത്വം നൽകുന്നുണ്ട്.
ഓണററി ഡോക്ടറേറ്റ്
കരാട്ടെ പരിശീലകൻ, പൊതു പ്രവർത്തകൻ എന്ന നിലയിലുള്ള സേവനം മാനിച്ച് തമിഴ്നാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ എമ്പയർ യൂണിവേഴ്സിറ്റി രണ്ടുമാസം മുമ്പ് എം.പി. ജോർജിന് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചിരുന്നു.
കുടുംബം
പെരുമ്പാവൂർ കൂവപ്പടിയിൽ കർഷക ദമ്പതികളായ മലേക്കുടി പാപ്പച്ചൻ റോസ ദമ്പതികളുടെ മൂന്നുമക്കളിൽ മൂത്തമകനാണ് എം.പി. ജോർജ്. ഭാര്യ: പൗളി ജോർജ്. മക്കൾ: ലിയോ ജോർജ്, ലിയ ജോർജ് (നഴ്സിങ്ങ് വിദ്യാർത്ഥി)
ഫോൺ : 9847628463
ലിയോ ഡയറിഫാം
കോടനാട് 3 ഏക്കറോളം വരുന്ന സ്വന്തം റബർ തോട്ടത്തിന്റെ മൂലയിലാണ് വിശാലമായ ഗോശാല പ്രവർത്തിക്കുന്നത്. ഒരു വർഷം മുമ്പ് തുടങ്ങിയ ഫാമിൽ എച്ച്.എഫ്. ജെഴ്സി, എച്ച്.എഫ് - ജഴ്സി ക്രോസ് ബ്രീഡ് തുടങ്ങി അത്യദ്പാതനശേഷിയുള്ള 60 പശുക്കളും വെച്ചൂർ ഉൾപ്പെടെ 2 നാടൻ പശുക്കളുമുണ്ട. പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനൊപ്പം കോഴി, ആട് തുടങ്ങി ഫാം വൈവിദ്ധ്യവത്കരണത്തിനുള്ള ഒരുക്കത്തിലുമാണ്. സമീപത്തുതന്നെ 10 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് പച്ചപ്പുൽ കൃഷിയുമുണ്ട്.ഒരു സമയം 6 പശുക്കളെ വരെ കറക്കാനാകുന്ന മിൽക്കിങ്ങ് മെഷീൻ ഉൾപ്പെടെ ശാത്രീയവും യന്ത്രവത്കൃതവുമായാണ് ഫാമിന്റെ പ്രവർത്തനം.
ജോർജിന്റെ ഇളയ സഹോദരൻ തങ്കച്ചനാണ് ഫാമിന്റെ മേൽനോട്ട ചുമതല. ഇദ്ദേഹത്തെ കൂടാതെ 8 തൊഴിലാളികളുമുണ്ട്. ഫാമിന്റെ വിപുലീകരണത്തോടെ കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകാൻ കഴിയുമെന്ന പ്രത്യാശയിലാണ് ജോർജ്. സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയതുകൊണ്ട് മറ്റാരേയും ആശ്രയിക്കാതെതന്നെ കുറച്ചുപേർക്ക് തൊഴിൽ അവസരമുണ്ടാക്കാനാതിൽ ചാരിതാർത്ഥ്യമുണ്ടെന്നും ജോർജ് പറഞ്ഞു. കാർഷിക രംഗത്ത് യുവതലമുറയെ ആകർഷിക്കുന്നതിന് പദ്ധതികളുണ്ടാകണമെന്നാണ് ജോർജിന്റെ നിലപാട്. മൂല്യവർദ്ധിത ഉദ്പ്പന്നങ്ങൾ വിപുലീകരിച്ച് കൃഷി ആകർഷകമാക്കണം. വരുമാനവും സാമൂഹ്യ അംഗീകാരവും ഉണ്ടെങ്കിൽ വിദ്യാസമ്പന്നരായ യുവാക്കൾ കൃഷിയിലേക്ക് വരും. രാഷ്ട്രീയ ഭരണ നേതൃത്വത്തിലുള്ളവർ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണം. അങ്ങനെ സംഭവിച്ചില്ലെങ്കിൽ കേരളം കനത്തവില നൽകേണ്ടി വരുമെന്നാണ് കാർഷിമേഖലയിലെ ദീർഘകാല അനുഭവത്തിന്റെ അടിസ്ഥാനത്തിൽ എം.പി. ജോർജിന് പറായനുള്ളത്.