
തിരുവനന്തപുരം: മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച ഓവുചാൽ വൃത്തിയാക്കാൻ ഉപകരണങ്ങൾക്ക് കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്ക് സുഗമമാക്കിയ നഗരസഭയിലെ ശുചീകരണ തൊഴിലാളി കെ.മുരുകന് അഭിനന്ദനവുമായി മന്ത്രി എം.ബി.രാജേഷ് മരുകന്റെ വീട്ടിലെത്തി.ശുചിത്വത്തിനായുള്ള പോരാട്ടത്തിന്റെ സന്ദേശമാണ് മുരുകന്റെ പ്രവൃത്തി കേരളത്തിനു നൽകുന്നതെന്ന് അഭിനന്ദനം അറിയിച്ചശേഷം മന്ത്രി പറഞ്ഞു.തിരുവനന്തപുരം കരിമഠം കോളനിയിലെ മുരുകന്റെ വസതിയിലെത്തിയ മന്ത്രി അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.
കഴിഞ്ഞ ദിവസം മുരുകൻ സെക്രട്ടേറിയറ്റിന് മുന്നിലെ ഓവുചാൽ മണ്ണു നിറഞ്ഞ് ഒഴുക്കു നിലച്ച അവസ്ഥയിൽ വൃത്തിയാക്കാൻ ഉപകരണങ്ങൾക്ക് കഴിയാതെ വന്നപ്പോൾ സ്വന്തം പരിശ്രമത്തിലൂടെ മണ്ണുനീക്കി ഒഴുക്കു സുഗമമാക്കിയ ചിത്രം മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടാണ് മന്ത്രി മുരുകനെ അഭിനന്ദിക്കാനെത്തിയത്. മന്ത്രിയോടൊപ്പം മേയർ ആര്യ രാജേന്ദ്രൻ,ക്ഷേമകാര്യ സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലീം എന്നിവരുമുണ്ടായിരുന്നു.
എം.ബി രാജേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
ഇന്ന് രാവിലെ പത്രങ്ങളിൽ വന്ന ഈ ചിത്രം, തിരുവനന്തപുരത്ത് മഴവെള്ളം റോഡിൽ നിന്ന് നീക്കാൻ ശ്രമിക്കുന്ന ശുചീകരണത്തൊഴിലാളിയുടേതാണ്. ഓട അടച്ച് കിടക്കുന്ന മണ്ണ്, മൺവെട്ടിയുൾപ്പെടെയുള്ള ആയുധങ്ങളുപയോഗിച്ചിട്ടും നീക്കാനാകാതെ വന്നതോടെയാണ് കൈകളുപയോഗിച്ചുള്ള ഈ ശ്രമം. പ്രതിബദ്ധതയോടെയും ആത്മാർഥതയോടെയും ജോലി ചെയ്യുന്ന ആ തൊഴിലാളി ആരാണെന്ന് മേയർ ആര്യാ രാജേന്ദ്രനോട് അന്വേഷിച്ചപ്പോളാണ്, മുരുകനെക്കുറിച്ച് മനസിലാക്കിയത്. വൈകുന്നേരം മുരുകനെ വീട്ടിലെത്തി ആദരിച്ചു. മാലിന്യമുക്തവും വൃത്തിയുള്ളതുമായ നവകേരളത്തിനായുള്ള നമ്മുടെ പോരാട്ടത്തിന്റെ പ്രതീകമാണ് മുരുകൻ, കേരളത്തിലങ്ങോളമിങ്ങോളം നിസ്വാർഥമായി സേവനമനുഷ്ഠിക്കുന്ന ആയിരക്കണക്കിന് ശുചീകരണത്തൊഴിലാളികളിലൊരാൾ.
നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഓടയുടെ ശുചീകരണം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക ആലോചനകൾക്കും ഇന്നുതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. അധികം വൈകാതെ അതും പ്രയോഗത്തിൽ വരുത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ ലഹരിക്കെതിരായി നാം ഒറ്റക്കെട്ടായി നടത്തുന്ന പോരാട്ടം പോലെ ഇനി ഏറ്റെടുക്കാനുള്ളത് മാലിന്യത്തിനെതിരെയുള്ള പോരാട്ടമാണ്. വൃത്തിയുള്ള നവകേരളത്തിനായുള്ള പോരാട്ടത്തിൽ നമുക്ക് ഊർജം പകരുന്നു മുരുകനെപ്പോലെയുള്ളവർ