
തിരുവനന്തപുരം: ഒന്നാം എൽ ഡി എഫ് സർക്കാരിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുള്ള അഴിമതികൾ കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എൽ ഡി എഫ് സർക്കാരിന്റെ ഭരണകാലത്തിലെ അഴിമതികളെക്കുറിച്ചും നാണംകെട്ട മറ്റിടപാടുകളെക്കുറിച്ചും കോടതിയുടെ മേൽനോട്ടത്തിൽ സി ബി ഐ അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അഴിമതികൾ വെളിച്ചത്ത് കൊണ്ട് വന്നിരുന്നു. അതിനെ തുടർന്ന് അന്ന് വേണ്ടെന്ന് വെച്ച അഴിമതി നിറഞ്ഞ പദ്ധതികളും രണ്ടാം ഭരണഘട്ടത്തിൽ രഹസ്യമായി നടപ്പിലാക്കി തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അഴിമതികൾക്ക് പിന്നിലെ ബുദ്ധികേന്ദ്രമായി പ്രവർത്തിച്ചത് അക്കാലത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണെന്ന് താൻ അഭിപ്രായപ്പെട്ടിരുന്നതായും കുറ്റപത്രം അടക്കം സമർപ്പിച്ച കേസിൽ നിന്ന് പ്രതിയായ ശിവശങ്കറിനെ സംരക്ഷിക്കുന്നതിന്റെ പിന്നിലെ രഹസ്യം ജനങ്ങൾക്ക് ഇപ്പോൾ ബോദ്ധ്യമായെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികൾ അന്വേഷിച്ച കേസിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിന് പിന്നിൽ സി പി എം - ബി ജെ പി ബന്ധമാണെന്ന് ആരോപിച്ച അദ്ദേഹം പുതിയ വെളിപ്പെടുത്തലുകൾ അടക്കം കോടതിയുടെ മേൽനോട്ടത്തിൽ സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു