dhanteras

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്നലെയും ഇന്നുമായി നടക്കുന്ന 'ധൻതേരസ്" വില്പനയിലൂടെ പ്രതീക്ഷിക്കുന്നത് 40,​000 കോടി രൂപയുടെ വിറ്റുവരവെന്ന് കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി)​ വ്യക്തമാക്കി. ദീപാവലി ഉത്സവാഘോഷങ്ങളുടെ ആദ്യനാളാണ് ധൻതേരസായി ആഘോഷിക്കുന്നത്.

ഇതോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂർത്ത വ്യാപാരമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് ഇന്ന് വൈകിട്ട് ആറുവരെ നടക്കുന്നത്. പുതിയ വസ്ത്രം,​ സ്വർണം,​ വീട്,​ ഭൂമി,​ വാഹനം,​ വെള്ളി,​ ആഭരണങ്ങൾ തുടങ്ങിയവ വാങ്ങാൻ ഏറ്റവും ഐശ്വര്യപൂർണമെന്ന് ഉത്തരേന്ത്യൻ ഹൈന്ദവർ വിശ്വസിക്കുന്ന മുഹൂർത്തമാണിത്. ഇന്ത്യൻ ഓഹരിവിപണിയിൽ പ്രത്യേക മുഹൂർത്ത വ്യാപാരം നാളെ വൈകിട്ട് 6.15 മുതൽ 7.15 വരെയാണ്.

വീട്,​ ഭൂമി,​ സ്വർണം,​ വെള്ളി,​ വസ്ത്രം എന്നീ പരമ്പരാഗത വിശ്വാസപ്രകാരമുള്ള വാങ്ങലുകൾക്ക് പുറമേ ഇലക്ട്രോണിക്‌സ്/ഇലക്‌ട്രിക്കൽ ഉത്‌പന്നങ്ങൾ,​ വാഹനം,​ കിച്ചൺ അപ്ളയൻസസ് തുടങ്ങിയവയിലും മികച്ച വില്പനയാണ് ഇക്കുറി വിപണി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷങ്ങളിലും കൊവിഡും സാമ്പത്തികഞെരുക്കവും മൂലം വിപണി നിർജീവമായിരുന്നു.

സ്വർണവിപണിയിൽ പ്രതീക്ഷ ₹25,​000 കോടി

ഇക്കുറി ധൻതേരസ്,​ ദീപാവലി ആഘോഷനാളുകളിലായി രാജ്യത്ത് 25,​000 കോടി രൂപയിൽ കുറയാത്ത വില്പനയാണ് സ്വർണവിപണി പ്രതീക്ഷിക്കുന്നത്. വെള്ളി,​ വജ്രം,​ പ്ളാറ്റിനം എന്നിവയ്ക്കും മികച്ച വില്പന പ്രതീക്ഷിക്കുന്നു. ധൻതേരസ് ആഘോഷം കേരളത്തിൽ വലിയതോതിലില്ലെങ്കിലും സ്വർണവിപണിയിൽ വില്പനനേട്ടമുണ്ടാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

നേട്ടം ഉന്നമിട്ട് വാഹനലോകവും

ഇക്കുറി നവരാത്രി-ദീപാവലി നാളുകളിലെ വില്പനയിൽ മുൻവർഷത്തേക്കാൾ 40 ശതമാനം വളർച്ചയാണ് വാഹന റീട്ടെയിൽ വിപണി വിലയിരുത്തുന്നത്. ഉത്സവകാലത്ത് പാസഞ്ചർ വാഹനശ്രേണിയിൽ (കാർ,​ വാൻ,​ എസ്.യു.വി)​ മാത്രം രണ്ടുലക്ഷം യൂണിറ്റുകളുടെ വില്പന പ്രതീക്ഷിക്കുന്നു.