
ബിജിംഗ്: മുൻ ചൈനീസ് പ്രസിഡന്റായ 'ഹു ജിന്റാവോ'യെ ചൈനീസ് പാർട്ടി കോൺഗ്രസ്സിന്റെ വേദിയിൽ നിന്നും ബലം പ്രയോഗിച്ച് പുറത്താക്കിയതായി വിവരം. നിലവിലെ ചൈനീസ് പ്രസിഡന്റായ 'ഷി ജിൻപിങ്ങിന്റെ' മുൻഗാമിയായ മുതിർന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ ഹു ജിന്റാവോയെ ശനിയാഴ്ച സമാപിച്ച പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കുന്നതിന്റെ വീഡിയോ പല വിധത്തിലുള്ള അഭ്യൂഹങ്ങളോടെ പ്രചരിക്കുന്നുണ്ട്. പാർട്ടി കോൺഗ്രസ് വേദിയായ ബിജിംഗിലെ 'ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾ' ഓഡിറ്റോറിയത്തിൽ ചൈനീസ് പ്രസിഡന്റായ ഷി ജിൻപിങ്ങിന് ഇടത് വശത്തുള്ള സീറ്റിൽ ഇരുന്നായിരുന്നു 79 -കാരനായ ഹു ജിന്റാവോ സമ്മേളനത്തിന്റെ സമാപന നടപടികൾ വീക്ഷിച്ചിരുന്നത്. ഇവിടേയ്ക്ക് രണ്ട് പേർ എത്തി ഹു ജിന്റാവോയെ വേദിയ്ക്ക് പുറത്തേയ്ക്ക് കൊണ്ട് പോകുന്നത് വീഡിയോയിൽ വ്യക്തമാണ്.
പാർട്ടി കോൺഗ്രസ്സിൽ നിന്ന് ഷി ജിൻപിങ്ങിന്റെ മുൻഗാമിയെ പുറത്താക്കി എന്ന അഭ്യൂഹത്തോടെ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും പാർട്ടി വൃത്തങ്ങൾ ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചൈനീസ് ഔദ്യോഗിക വാർത്താ മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്ത പാർട്ടി കോൺഗ്രസിന്റെ സമാപന ദിനത്തിന്റെ ലൈവിലും ഈ ദൃശ്യങ്ങൾ ഉൾപ്പെട്ടിരുന്നതായാണ് റിപ്പോർട്ട്. അംഗ രക്ഷകനെന്ന് തോന്നിക്കുന്ന ഒരാളെത്തി ഹു ജിന്റാവോയുടെ കൈയിൽ പിടിച്ച് പുറത്തേയ്ക്ക് കൊണ്ട് പോകാൻ ശ്രമിക്കുന്നതും അദ്ദേഹം അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും അടുത്തുള്ള ഷി ജിൻപിങ്ങിനോട് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. ഒടുവിൽ ഒരാൾ കൂടി അങ്ങോട്ടേക്കെത്തിയ ശേഷമാണ് ഹു ജിന്റാവോ പുറത്തേയ്ക്ക് പോകുന്നത്.
അസുഖ ബാധിതനായ ഹു ജിന്റാവോയെ വേദിയ്ക്ക് പുറത്തേയ്ക്ക് കൊണ്ട് പോകുന്നതാണെന്നും ഷി ജിൻപിങ്ങ് പക്ഷത്തിന്റെ എതിരാളികളെ പാർട്ടിയിൽ നിന്ന് വെട്ടി നിരത്തുന്നതിന് മുന്നോടിയായുള്ള നടപടിയാണെന്നും തരത്തിലുള്ല വാർത്തകൾ വീഡിയോയിലെ സംഭവത്തെക്കുറിച്ച് പ്രചരിക്കുന്നുണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ശക്തമായ മേധാവിത്വമുള്ള ഷി ജിൻപിങ്ങ് പക്ഷത്തിന്റെ എതിരാളികളായാണ് ഹു ജിന്റാവോയുടെ നേതൃത്വത്തിലുള്ള 'തുവാൻപായ്' വിഭാഗത്തെ കണക്കാക്കുന്നത്. അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ ഷി ജിൻപിങ്ങിന്റെ അധികാര തുടർച്ചയ്ക്കായി പാർട്ടി ഭരണഘടനയിൽ മാറ്റം വരുത്തിയിരുന്നു. ഇത് വഴി അടുത്ത അഞ്ച് വർഷത്തേയ്ക്ക ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായും തുർച്ചയായി ചൈനയുടെ മൂന്നാം പ്രസിഡന്റായും ഷി ജിൻപിങ്ങ് മാറി. തന്റെ അധികാര കാലയളവ് വീണ്ടും നീട്ടിക്കിട്ടിയതിന് മുന്നോടിയായി അട്ടിമറി സാദ്ധ്യത നിലനിർത്തുന്ന ഹു ജിന്റാവോ പക്ഷത്തിലെ പ്രമുഖ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് വീഡിയോയിലെ പ്രകാരമുള്ള സംഭവം അരങ്ങേറിയത് എന്നാണ് ഭൂരിപക്ഷ അഭിപ്രായം.
തുവാൻപായ് ഗ്രൂപ്പിലെ പ്രമുഖ നേതാക്കളായ ലീ കെകിയാങ്, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ തലവനായ വാങ് യാങ് എന്നിവരെ ഹു ജിന്റാവോ വേദി വിട്ട് പുറത്ത് പോയതിന് പിന്നാലെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെൻട്രൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കിയിരുന്നു.
Drama in China as former president Hu Jintao is escorted out of the closing ceremony pic.twitter.com/AzsqUJWuFx
— Dan Banik (@danbanik) October 22, 2022