
കൊച്ചി: മില്ലുടമകൾ സമരം പിൻവലിച്ചതിന് പിന്നാലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് 50 മില്ലുകൾ കൂടി സപ്ലൈകോയുമായി കരാറൊപ്പിട്ടു. നേരത്തെ നാല് മില്ലുകൾ കരാറൊപ്പിട്ടിരുന്നു. ആകെ 54 മില്ലുകൾക്കായി 60,000 മെട്രിക് ടൺ നെല്ല് സംഭരിക്കാനാണ് അനുമതിയെന്ന് സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്‌ജോഷി പറഞ്ഞു. നിലവിൽ 12,000 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് പ്രകാരം സംഭരിക്കുന്ന നെല്ലിന്റെ 68 ശതമാനമാണ് മില്ലുകൾ അരിയാക്കി നൽകേണ്ടത്. 99,465 കർഷകരാണ് നിലവിൽ സപ്ലൈകോയ്ക്ക് നെല്ല് നൽകാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇനിയും താത്പര്യമുള്ളവർക്ക് www.supplycopaddy.inൽ രജിസ്‌റ്റർ ചെയ്യാം.