
ഡെറാഡൂൺ: റഷ്യൻ ആക്രമണം വീണ്ടും രൂക്ഷമായതിനെത്തുടർന്ന് തകർന്ന യുക്രെയിനിൽ നിന്ന് എത്രയും പെട്ടെന്ന് യുക്രെയിൻ വിടുക എന്ന സർക്കാർ നിർദ്ദേശം ലഭിച്ചിട്ടും ഇന്ത്യൻ വിദ്യാർത്ഥികൾ അത് അവഗണിക്കുന്നതായി റിപ്പോർട്ട്. 1500ലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് തങ്ങളുടെ പഠനം പൂർത്തിയാക്കണമെന്ന് പറഞ്ഞ് ഇന്ത്യയിലേക്കു മടങ്ങാൻ വിസമ്മതിക്കുന്നത്. എല്ലാ പ്രതിബന്ധങ്ങളെയും അഭിമുഖീകരിച്ച് കുറച്ചു മാസങ്ങൾക്കു മുമ്പ് ഇവിടെ എത്തിയ ശേഷം തങ്ങൾ തിരികെ പോകാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ ഇന്ത്യയിലേക്കു മടക്കമുള്ളു. പഠനം പൂർത്തിയായാൽ മാത്രമേ മടക്കമുള്ളു, അതിനു മുമ്പാണ് മടക്കമെങ്കിൽ ഈ യുദ്ധത്തിൽ മരിച്ച് ശവപ്പെട്ടിയിൽ മാത്രമേ ഒരു മടക്കമുണ്ടാവുകയുള്ളു എന്നും വിദ്യാർത്ഥികൾ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.
രാജ്യത്തെ മെഡിക്കൽ സ്ഥാപനങ്ങളിൽ തങ്ങളെ ചേർത്തു പഠിപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ സർക്കാർ നേരത്തെ വ്യക്തമാക്കിയതാണ്. അതിനാൽ, ഇവിടെ തുടരുകയല്ലാതെ വേറെ വഴികളൊന്നുമില്ലെന്നും വിദ്യാർത്ഥികൾ ആശങ്ക പ്രകടിപ്പിച്ചു. ഓൺലൈൻ ക്ലാസുകളിലൂടെ നേടിയ ബിരുദം അനുവദിക്കില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചു. അങ്ങനെ വരുമ്പോൾ ഓഫ്‌ലൈനിൽ പഠനം പൂർത്തിയാക്കാൻ തിരികെ യുക്രെയിനിൽ വരികയല്ലാതെ വേറെ നിവൃത്തിയില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു. അതേസമയം, ഓൺലൈൻ മെഡിക്കൽ പഠനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയിരിക്കുന്ന വിദ്യാർത്ഥികളുടെ ഹർജി നവംബർ ഒന്നിന് സുപ്രീംകോടതി പരിഗണിക്കും. വിധി കാത്തിരിക്കുകയാണെന്ന് ഓൺലൈൻ ക്ലാസുകളിലൂടെ പഠനം നടത്തുന്ന വിദ്യാർത്ഥികൾ പറഞ്ഞു.