
തിരുവനന്തപുരം : പീഡനക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. കെ.പി.സി.സി, ഡി.സി,സി അംഗത്വത്തിൽ നിന്നും ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. എം.എൽ.എയുടെ വിശദീകരണം പൂർണമായും തൃപ്തികരമല്ലെന്നും ജനപ്രതിനിധി എന്ന നിലയിൽ പുലർത്തേണ്ട ജാഗ്രതയുണ്ടായില്ലെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സ്കൂൾ അദ്ധ്യാപികയായ ആലുവ സ്വദേശിയുടെ പരാതിയിലാണ് എൽദോസിനെതിരെ കേസെടുത്തത്. എൽദോസ് കുന്നപ്പിള്ളിൽ വിവാഹവാഗ്ദാനം നൽകി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതി പരാതി നൽകിയത്. ബലാത്‌സംഗം, തട്ടിക്കൊണ്ടുപോകൽ, വധശ്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് എം.എൽ.എയ്ക്കെതിരെ കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ എം.എൽ.എ മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം അന്വേഷണ സംഘത്തിന് മുന്നിലെത്തിയിരുന്നു.. ഇന്ന് രാവിലെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ എൽദോസിന്റെ ചോദ്യം ചെയ്യൽ 9 മണിക്കൂറുകൾക്ക് ശേഷമാണ് അവസാനിപ്പിച്ചത്. ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാത്തതിനാൽ ചോദ്യം ചെയ്യൽ തുടരുമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്.