
വേലി തന്നെ വിളവ് തിന്നു എന്ന് പറയുന്നത് പോലെയുള്ള വാർത്തകളാണ് പൊലീസ് സേനയെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്നത്. കാരണം നാട്ടിലെ ക്രമസമാധാന ചുമതലയുള്ള പൊലീസുകാർ മോഷണത്തിലും കള്ളക്കേസ് ചമയ്ക്കുന്നതിലും അകാരണമായ കസ്ററഡി മർദ്ദനത്തിലും ഭാഗമാകുന്ന തരത്തിലുള്ള വാർത്തകളാണ് ദിനംപ്രതി പുറത്ത് വരുന്നത്. എന്നാൽ ഇതിനിടയിൽ ആരെയും വക വെയ്ക്കാതെ നിയമം കൃത്യമായി നടപ്പിലാക്കിയ കർണാടകയിലെ പൊലീസ് വിഭാഗം പങ്കുവെച്ച ചിത്രമാണ് ചർച്ചയായി മാറിയിരിക്കുന്നത്. കർണാടകയിലെ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ കൃത്യനിർവ്വഹണം നടത്തിയപ്പോൾ മറുഭാഗത്ത് കൃത്യ വിലോപത്തിന് പിടിയിലായത് മറ്റൊരു പൊലീസുകാരൻ തന്നെയാണെന്നുള്ളതാണ് ഈ വാർത്തയെ കൂടുതൽ കൗതുകകരമാക്കി മാറ്റുന്നത്.
ബംഗളൂരു ആർ ടി നഗറിൽ ഉണ്ടായ സംഭവത്തിൽ നിയമ വിധേയമല്ലാത്ത ഹെൽമെറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചതിന് ട്രാഫിക്ക് പൊലീസ് പിഴയീടാക്കിയത് അദ്ദേഹത്തിന്റെ സഹപ്രവർത്തകനെ തന്നെയായിരുന്നു. ഹാഫ് ഹെൽമറ്റ് ധരിച്ച് ഗിയർലെസ് വാഹനം ഓടിച്ചതിനായിരുന്നു ട്രാഫിക് പൊലീസുകാരനെതിരെ തന്നെ ട്രാഫിക് പൊലീസ് ഉഗ്യോഗസ്ഥൻ നടപടിയെടുത്തത്. നിയമലംഘകനായ പൊലീസുകാരന് പിഴയടക്കാനുള്ള റിസീപ്റ്റ് നൽകുന്നതിന്റെ ചിത്രം ആർ ടി നഗർ പൊലീസ് തന്നെ ട്വിറ്ററിലൂടെ പങ്കു വെയ്ക്കുക ആയിരുന്നു.
പൊലീസുകാരൻ ധരിച്ചിരിക്കുന്ന തരത്തിലുള്ള ഹാഫ് ഹെൽമറ്റുകൾ ധരിച്ച് വാഹനമോടിക്കുന്നത് ബംഗളൂരു നഗരത്തിൽ നിരോധിച്ചിട്ടുണ്ട്. നിയമ ലംഘനത്തിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ നടപടി നേരിട്ടതിന്റെ ചിത്രം പുറത്ത് വന്നതോടെ നിരവധിപ്പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. പലർക്കും ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ചിരിയെക്കുറിച്ചായിരുന്നു ചൂണ്ടിക്കാട്ടാനുണ്ടായിരുന്നത്. എന്തോ അംഗീകാരം ലഭിച്ച രീതിയിൽ എന്തിനാണ് ഇങ്ങനെ ചിരിക്കുന്നതെന്നും ട്രാഫിക് നിയമ ലംഘനത്തിന് പൊതു ജനങ്ങളിൽ നിന്നും പിഴ ഈടാക്കുന്നതിന് മുൻപ് ഡിപ്പാർട്ട്മെന്റിനുള്ളിൽ തന്നെ പരിശോധന നടത്തുന്നത് നന്നായിരിക്കും എന്നതടക്കമുള്ള കമന്റുകൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിന് ഇതിനോടകം തന്നെ ലഭിച്ചിട്ടുണ്ട്.
Good evening sir
— R T NAGAR TRAFFIC BTP (@rtnagartraffic) October 17, 2022
half helmet case booked against police
Tq pic.twitter.com/Xsx5UA40OY