
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ പുതിയ രീതിയിൽ മദ്യോത്പാദനം. പഴങ്ങളും ധാന്യങ്ങളും ഒഴികെയുള്ല കാർഷികോൽപ്പന്നങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനാണ് പദ്ധതി. ഇത്തരത്തിൽ മദ്യോത്പാദനം പ്രാവർത്തികമാക്കുന്നതിനായുള്ല നിർമാണ യൂണിറ്റുകൾക്ക് അനുമതി നൽകി കൊണ്ടുള്ള ചട്ടം നിലവിൽ വന്നു.
പുതിയ ചട്ടപ്രകാരം ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള ഫലവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷിക ഉൽപന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം വാണിജ്യാവശ്യത്തിനായി നിർമിക്കാൻ സംസ്ഥാന സർക്കാരിന് അനുമതി നൽകാം. ഇതിനായി കേരളാ സ്മോൾ സ്കെയിൽ വൈനറി റൂൾസ് നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിർദേശപ്രകാരമുള്ള മാറ്റങ്ങൾ ഉൾപ്പെടുത്തി അംഗീകരിച്ചു. അബ്കാരി ചട്ടങ്ങളിലെ നിയമങ്ങളിലും ഇതിന് മുൻപ് തന്നെ സർക്കാർ ഭേദഗതി വരുത്തിയിരുന്നു. പ്രാദേശികമായി ലഭിച്ച് വരുന്ന കാർഷിക ഉൽപ്പന്നങ്ങളിൽ നിന്നും മദ്യം നിർമിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുമെന്ന് പുതിയ നയത്തെക്കുറിച്ച് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.