
ഇൻഡോർ: നാല് വയസ്സുകാരിയെ ബലാൽസംഗം ചെയ്ത പ്രതിയ്ക്ക് തടവു ശിക്ഷയിൽ ഇളവ് നൽകി മദ്ധ്യപ്രദേശ് കോടതി. കുട്ടിയെ ബലാത്സംഗം ചെയ്ത പ്രതി കൊല്ലാതിരിക്കാനുള്ള കാരുണ്യം കാണിച്ചു എന്ന വിവാദ നിരീക്ഷണത്തിലൂന്നിയായിരുന്നു കോടതിയുടെ ഇൻഡോർ ബഞ്ച് ശിക്ഷാ ഇളവ് അനുവദിച്ചത്. കേസിൽ 15 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി തനിക്ക് ആജീവനാന്ത ശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കൊടതിയിൽ അപ്പീൽ സമർപ്പിച്ചിരുന്നു. അപ്പീൽ പരിഗണിച്ച കോടതി ഇയാളുടെ ആജീവാനന്ത തടവ് ശിക്ഷ 20 വർഷമായി കുറച്ച് കൊണ്ട് വിധി പുറപ്പെടുവിച്ചു.
നാല് വയസ്സായ കുട്ടിയുടെ പ്രായം പോലും പരിഗണിക്കാതെ പൈശാചികമായ രീതിയിൽ കൃത്യം നടത്തിയ പ്രതി സ്ത്രീകളുടെ അഭിമാനത്തെ ബഹുമാനിച്ചിട്ടില്ലെന്നും അത് കൊണ്ട് തന്നെ ശിക്ഷാ വിധി കുറച്ച് നൽകുന്ന കേസായി ഇതിനെ പരിഗണിക്കുന്നില്ലെന്നും നോക്കിക്കണ്ട കോടതി, പ്രതി കുഞ്ഞിനെ കൊല്ലാതെ വെറുതെ വിടാൻ കാണിച്ച കാരുണ്യം പരിഗണിച്ച് ആജീവനാന്ത ശിക്ഷ 20 വർഷത്തെ കഠിന തടവാക്കി കുറച്ച് കൊണ്ട് ഉത്തരവിടുകയായിരുന്നു. ജസ്റ്റിസ് സുബോധ് അഭയശങ്കർ, ജസ്റ്റിസ് സത്യേന്ദ്ര കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് അപ്പീൽ പരിഗണിച്ച് വിധി പ്രസ്താവം നടത്തിയത്.
കുഞ്ഞിന്റെ വീടിനടുത്ത് ടെന്റ് കെട്ടി താമസിച്ചിരുന്ന പ്രതി കുട്ടിയെ ടെന്റിലേയ്ക്ക് വിളിച്ച് വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. കൃത്യത്തിന് സാക്ഷിയായ കുഞ്ഞിന്റെ അമ്മൂമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി ശിക്ഷിക്കപ്പെടുകയായിരുന്നു.