governor

തിരുവനന്തപുരം: ഗവർണർ- സർക്കാർ പോര് തുടരുന്നതിനിടെ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സർക്കാർ വിരുദ്ധ നിലപാടുകൾക്കെതിരെ പ്രത്യക്ഷപ്രക്ഷോഭത്തിന് രൂപം നൽകാൻ ഇന്ന് ഇടതുമുന്നണി യോഗം ചേരും. പതിനൊന്നരയോടെ എ കെ ജി സെന്ററിലാണ് യോഗം ചേരുന്നത്. സർക്കാരിനെതിരെയുള്ള ഗവർണറുടെ നീക്കങ്ങൾ വർദ്ധിക്കുന്നതിനിടെ പരസ്യപ്രചാരണം നടത്താൻ സിപിഎം നേരത്തെതന്നെ തീരുമാനിച്ചിരുന്നു. പ്രതിഷേധ പരിപാടിയെക്കുറിച്ച് തീരുമാനിക്കുന്നതിനായാണ് ഇന്ന് യോഗം ചേരുന്നത്.

അതേസമയം, കഴിഞ്ഞദിവസങ്ങളിൽ മന്ത്രിമാർക്കെതിരെ രൂക്ഷവിമർശനവുമായി ഗവർണർ രംഗത്തെത്തിയിരുന്നു. നിയമ മന്ത്രി പി. രാജീവ് വിവരമില്ലാത്തവനും അജ്ഞനുമാണെന്നായിരുന്നു ഗവർണറുടെ പരാമർശം. നിയമവും ഭരണഘടനയും മന്ത്രിക്ക് അറിയില്ല എന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. വിവരമില്ലാത്ത ഇവരെപ്പോലുള്ളവർ ഭരിക്കുന്നതുകൊണ്ടാണ് ആളുകൾ പുറത്തേക്ക് പോകുന്നത്. ഗവർണറുടെ നടപടികൾ പരിശോധിക്കാൻ കോടതിക്ക് മാത്രമേ അധികാരമുള്ളു. ഏത് സാഹചര്യത്തിലാണ് താൻ അത് പറഞ്ഞതെന്ന് പരിശോധിക്കണം. ഭരണഘടന തകർന്നാൽ ഗവർണർക്ക് ഇടപെടാനുള്ള അധികാരമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

ധനമന്ത്രി കെ.എൻ. ബാലഗോപാലിനെയും ഗവർണർ വിമർശിച്ചു. മദ്യവും ലോട്ടറിയും വിറ്റ് വരുമാനമുണ്ടാക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ച് മന്ത്രി തനി​ക്ക് ക്ലാസ് എടുക്കേണ്ടെന്നായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസം. മദ്യവും ലോട്ടറിയുമാണ് വികസനമെന്ന് സർക്കാർ കരുതുന്നു. ഇത്തരത്തിൽ കേരളം വരുമാനം കണ്ടെത്തുന്നതിൽ ലജ്ജിക്കുന്നെന്നും ഗവർണർ പറഞ്ഞു. മുൻ അഡി. അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാൻ രചിച്ച 'സി.എച്ച്. മുഹമ്മദ് കോയ: അറിയാക്കഥകൾ' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു ഗവർണർ.

സർക്കാർ പരിധി മറികടന്നാൽ ക്രിമിനൽ നടപടി നേരിടേണ്ടിവരുമെന്നും ഗവർണർ മുന്നറിയിപ്പ് നൽകി. തന്റെ നടപടി​കളെ തടയാനും തിരുത്താനും അധികാരം കോടതിക്കാണ്. കമ്മ്യൂണിസ്റ്റ് ഭരണഘടനയാണ് വലുതെന്ന് കരുതുന്ന ഒരു മന്ത്രി, പാകിസ്ഥാന്റെ ഭാഷയിൽ സംസാരിക്കുന്ന മറ്റൊരാൾ. ഇതൊക്കെയാണ് ഇവിടെ. ലഹരി ഉപയോഗത്തിൽ കേരളം പഞ്ചാബിനെ മറികടക്കുന്ന സ്ഥിതിയാണ്. ഇക്കാര്യം മറക്കുകയാണ് സർക്കാർ. കേരളത്തിൽ നിന്ന് മിടുക്കരായ വിദ്യാർത്ഥികൾ പുറത്തേക്കു പോവുന്നു. കേരളത്തിൽ നിക്ഷേപത്തി​ന് ആർക്കും താത്പര്യമില്ലെന്നും ഗവർണർ പറഞ്ഞു.