sitrang

ന്യൂഡൽഹി: ആൻഡമാൻ കടലിൽ നിലനിൽക്കുന്ന ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി നാളെയോടെ മദ്ധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സിത്രംഗ് ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യ മെറ്ററോളജിക്കൽ ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്. ബംഗാളിലും ഒഡീഷയിലും സിത്രംഗ് കനത്ത മഴയ്ക്ക് കാരണമാകുമെന്നും അറിയിപ്പുണ്ട്.

ശക്തമായ കാറ്റിനും മഴയ്ക്കും സാദ്ധ്യതയുള്ളതിനാൽ ഒക്‌ടോബർ 26 വരെ മദ്ധ്യ- ബംഗാൾ ഉൾക്കടലിലും ഒഡീഷ, ബംഗാൾ തീരങ്ങളിലും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. നാളെ പുലർച്ചയോടെ സിത്രംഗ് ചുഴലിക്കാറ്റായി വീശി മറ്റെന്നാൾ ബംഗ്ളാദേശ് തീരത്തേയ്ക്ക് കടക്കുമെന്നാണ് അറിയിപ്പ്. 2018ന് ശേഷം ഒക്ടോബർ മാസത്തിൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ആദ്യ ചുഴലിക്കാറ്റും 2022ലെ രണ്ടാമത്തെ ചുഴലിക്കാറ്റുമാണ് സിത്രംഗ്.

അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ ഇടമിന്നലിനും കാറ്റിനും സാദ്ധ്യതയുള്ളതായും മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലത്തണമെന്നാണ് നിർദേശം.