syamjith

കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തു. പ്രതി ശ്യാംജിത്തുമായി നടത്തിയ തെളിവെടുപ്പിൽ മാനന്തേരിയിലെ കുളത്തിൽ ആയുധങ്ങൾ ബാഗിനുള്ളിലാക്കിയ നിലയിലാണ് കണ്ടെടുത്തത്. പ്രതിയുടെ വീടിന് സമീപത്താണ് കുളം.

കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കൃത്യം നിർവഹിച്ചിരിക്കുന്നത്. വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ മൂന്നുദിവസം മുൻപാണ് തീരുമാനിച്ചതെന്ന് ശ്യാംജിത്ത് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. വിഷ്ണുപ്രിയയെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ചുറ്റിക, കത്തി, സ്‌‌ക്രൂ ഡ്രൈവർ, കൊലപാതക ദിവസം ധരിച്ചിരുന്ന മാസ്‌‌ക്, ഷർട്ട്, ജീൻസ്, കൈയ്യുറ, വെള്ളക്കുപ്പി, ഇടിക്കട്ട, ഷൂസ്, കുത്തി പരിക്കേൽപ്പിക്കാൻ മറ്റൊരു മാരകായുധം കൂടാതെ മുളകുപൊടിയും പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. മുളകുപൊടി ഉപയോഗിക്കേണ്ടി വന്നില്ലെന്ന് ശ്യാംജിത്ത് പൊലീസിന് മൊഴിനൽകി. കൊലപാതകത്തിന് ശേഷം വീട്ടിലെത്തി കുളിച്ച് വസ്‌ത്രം മാറി ആയുധങ്ങളും വസ്ത്രങ്ങളുമെല്ലാം ബാഗിലാക്കി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ബാഗിന് മുകളിലായി കല്ല് എടുത്തുവച്ചിരുന്നു.

തെളിവെടുപ്പിനിടെ യാതൊരു ഭാവഭേദവുമില്ലാതെയാണ് പ്രതി ശ്യാംജിത്ത് നിന്നിരുന്നത്. കൊലപാതകം നടത്തിയതിന്റെ പ്രായശ്ചിത്തമോ കൂസലോയില്ലാതെ പൊലീസിനോട് കാര്യങ്ങൾ ശ്യാംജിത്ത് വിശദീകരിച്ചു. ചെറുചിരിയോടെ മാദ്ധ്യമങ്ങളെ നോക്കി പൊലീസിനൊപ്പം നടന്നു. പൊലീസിന്റെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി തന്നെ മറുപടി നൽകുകയും ചെയ്തു. പിന്നാലെ ശ്യാംജിത്തിനെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി.