vishnupriya

കണ്ണൂർ: പാനൂരിൽ 23കാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിഷ്ണുപ്രിയയുടെ കഴുത്തറുക്കാൻ പ്രതി ശ്യാംജിത്ത് ഉപയോഗിച്ച കത്തി സ്വയം നിർമിച്ചതെന്ന് പൊലീസ്. മൂന്ന് ദിവസം മുൻപ് തന്നെ കത്തിയുടെ നിർമാണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

ഇരുഭാഗവും മൂർച്ചയുള്ള കത്തിയാണ് ശ്യാംജിത്ത് നിർമിച്ചത്. ചുറ്റികയും ഇരുമ്പ് കൊണ്ടുള്ള ആയുധവും മാത്രമാണ് പുറത്തുനിന്ന് വാങ്ങിയത്. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിനിടെ മാനന്തേരിയിലെ കുളത്തിൽ കത്തിയുൾപ്പടെ ആയുധങ്ങൾ ബാഗിനുള്ളിലാക്കിയ നിലയിൽ കണ്ടെടുത്തിരുന്നു. വിഷ്ണുപ്രിയയെ തലയ്ക്കടിക്കാൻ ഉപയോഗിച്ച ചുറ്റിക, കത്തി, സ്‌‌ക്രൂ ഡ്രൈവർ, കൊലപാതക ദിവസം ധരിച്ചിരുന്ന മാസ്‌‌ക്, ഷർട്ട്, ജീൻസ്, കൈയുറ, വെള്ളക്കുപ്പി, ഇടിക്കട്ട, ഷൂസ്, കുത്തിപ്പരിക്കേൽപ്പിക്കാനായുള്ള മറ്റൊരു മാരകായുധം കൂടാതെ മുളകുപൊടിയും പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തു. മുളകുപൊടി ഉപയോഗിക്കേണ്ടി വന്നില്ലെന്ന് ശ്യാംജിത്ത് പൊലീസിന് മൊഴിനൽകി. കൊലപാതകത്തിന് ശേഷം വീട്ടിലെത്തി കുളിച്ച് വസ്‌ത്രം മാറി ആയുധങ്ങളും കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങളുമെല്ലാം ബാഗിലാക്കി കുളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ബാഗിന് മുകളിലായി കല്ലും എടുത്തുവച്ചിരുന്നു.

വീട്ടിൽ വിഷ്ണുപ്രിയ മാത്രമായിരുന്ന സമയം പ്രതി ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നു.​ പ്രതിയുടെ കുറ്റസമ്മത മൊഴിയിലാണ് ഇക്കാര്യം പറയുന്നത്. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കഴുത്തും കൈകളും മുറിക്കുകയും ചെയ്തു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ ആഴത്തിലുള്ള 18 മുറിവുകളാണ് കണ്ടെത്തിയത്. കൈയിലും കഴുത്തിലും കാലിലും വെട്ടേറ്റെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.