
കണ്ണൂർ: പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ കട്ടിംഗ് മെഷീൻ ഉപയോഗിക്കാനും പദ്ധതിയിട്ടതായി പ്രതി ശ്യാംജിത്ത് പൊലീസിനോട് വെളിപ്പെടുത്തി. ഇതിനായി കട്ടിംഗ് മെഷീൻ വാങ്ങി. പവർ ബാങ്കും ഒപ്പം കരുതി. തെളിവെടുപ്പിനിടെ പ്രതി ഉപേക്ഷിച്ച ബാഗിൽ നിന്ന് പവർ ബാങ്ക് കണ്ടെടുത്തിരുന്നു. കട്ടിംഗ് മെഷീൻ ശ്യാംജിത്തിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. എന്നാൽ പദ്ധതി പിന്നീട് ഉപേക്ഷിക്കുകയായിരുന്നെന്നും ശ്യാംജിത്ത് മൊഴി നൽകി.
കൊലപാതക ദിവസം വിഷ്ണുപ്രിയയുടെ വീട്ടിൽ എത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് തിരിച്ചറിഞ്ഞു. ബൈക്ക് ശ്യാംജിത്തിന്റെ വീടിന് മുന്നിൽ നിന്നാണ് കണ്ടെടുത്തത്. പ്രതിയെ സ്വന്തം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇന്ന് രാവിലെ നടന്ന തെളിവെടുപ്പിൽ പ്രതിയുടെ വീടിന് സമീപത്തെ കുളത്തിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്തിരുന്നു. പ്രതി തന്നെയാണ് പൊലീസിന് ഇവ കാട്ടിക്കൊടുത്തത്. പവർ ബാങ്കിന് പുറമേ ചുറ്റിക, കത്തി, സ്‌ക്രൂ ഡ്രൈവർ, കൊലപാതക ദിവസം ധരിച്ചിരുന്ന മാസ്‌ക്, ഷർട്ട്, ജീൻസ്, കൈയുറ, വെള്ളക്കുപ്പി, ഇടിക്കട്ട, ഷൂസ്, കുത്തിപ്പരിക്കേൽപ്പിക്കാനായുള്ള മറ്റൊരു മാരകായുധം, മുളകുപൊടി എന്നിവ പ്രതിയുടെ ബാഗിൽ നിന്ന് കണ്ടെടുത്തു.
വിഷ്ണുപ്രിയയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി പ്രതി ശ്യാംജിത്ത് സ്വയം നിർമിക്കുകയായിരുന്നു. മൂന്ന് ദിവസം മുൻപ് തന്നെ കത്തിയുടെ നിർമാണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. ഇരുഭാഗവും മൂർച്ചയുള്ള കത്തിയാണ് ശ്യാംജിത്ത് നിർമിച്ചത്. കത്തി നിർമിക്കാനാവശ്യമുള്ള ഇരുമ്പും പിടിയും പാനൂരിൽ നിന്ന് വാങ്ങി. കത്തി മൂർച്ചകൂട്ടാനുള്ള ഉപകരണവും വീട്ടിൽ നിന്ന് കണ്ടെടുത്തിരുന്നു.