
ലക്നൗ: ഓടുന്ന ട്രെയിനിനുളളിൽ യാത്രക്കാർക്ക് തടസമായി ഒരു കൂട്ടം ആളുകൾ നിസ്കാരം നടത്തുന്നതിന്റെ വീഡിയോ പങ്കുവച്ച് ബിജെപി നേതാവ്. ഉത്തർപ്രദേശിലെ കുശിനഗറിലാണ് സംഭവം. നാലുപേർ നിസ്കരിക്കുന്ന വീഡിയോയാണ് കുശിനഗർ മുൻ എംഎൽഎയും ബിജെപി നേതാവുമായ ദീപ്ലാൽ ഭാരതി പുറത്തുവിട്ടത്. കുശിനഗറിന് സമീപം ഖദ്ദ റെയിൽവെസ്റ്റേഷനിൽ സത്യാഗ്രഹ എക്സ്പ്രസ് നിർത്തിയ സമയത്താണ് നാലുപേർ യാത്രക്കാരുടെ വഴി തടസപ്പെടുത്തി നടക്കുന്ന വഴിയിൽ നിസ്കാര പ്രാർത്ഥന നടത്തിയതെന്നാണ് വീഡിയോയിൽ പറയുന്നത്. സംഭവം വിവാദമായതോടെ റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും സംസ്ഥാന പൊലീസും അന്വേഷണം ആരംഭിച്ചു.
ഇതുവഴി കടന്നുപോകാൻ ശ്രമിക്കുന്നവരെ നിസ്കരിക്കുന്നവർക്ക് സമീപം സീറ്റിലിരുന്നയാൾ തടഞ്ഞശേഷം പ്രാർത്ഥന കഴിഞ്ഞ് പോകാമെന്ന് പറയുന്നതും വീഡിയോയിൽ കേൾക്കുന്നുണ്ടെന്നാണ് ആരോപണം. പൊതുസ്ഥലത്ത് ചിലർ നിസ്കരിക്കുന്നത് തങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു എന്ന തീവ്ര വലതുപക്ഷ സ്വഭാവമുളള സംഘടനകളുടെ വിമർശനം ഉയരുന്നതിനിടെയാണ് ഈ സംഭവം. മുൻപ് ഹരിയാനയിൽ പൊതുയിടത്ത് നിസ്കാരം നടത്താൻ തുടങ്ങുന്നതിനിടെ ഒരു പറ്റം ആളുകൾ എത്തി ജയ് ശ്രീറാം വിളികളോടെ ഒത്തുചേർന്നത് വലിയ വിവാദമായിരുന്നു. യുപിയിലെ പ്രയാഗ്രാജിലെ ആശുപത്രിയിൽ നിസ്കരിച്ച മുസ്ളീം വനിതയുടെ പ്രവൃത്തിക്കെതിരെയും ചിലർ പ്രതിഷേധിച്ചിരുന്നു. എന്നാൽ ഇത് ആർക്കും തടസമുണ്ടാക്കിയില്ലെന്നാണ് അന്ന് പൊലീസ് പറഞ്ഞത്.
മുൻപ് ലക്നൗവിലെ ലുലുമാളിൽ നിസ്കാരം നടത്തിയതിന്റെ പേരിൽ വിവാദമുണ്ടായതോടെ നിരവധി പേരെ അറസ്റ്റ് ചെയ്യുന്ന സംഭവങ്ങൾ വരെയുണ്ടായി. പൊതുഇടങ്ങളിലെ മതപരിപാടികൾക്ക് മുൻകൂട്ടി അനുമതി വാങ്ങിയിരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രെയിനിലെ പ്രാർത്ഥനയിൽ ഇക്കാര്യങ്ങൾ ലംഘിക്കപ്പെട്ടെന്നാണ് വിമർശനം.
Police is looking for these four Muslims who were offering namaz in side a standing train in UP, India. Offering namaz has become a crime in ‘secular’ India. pic.twitter.com/0TJXrvst7S— Ashok Swain (@ashoswai) October 22, 2022