pm-modi-

ഡെറാഡൂൺ : ഉത്താരഖണ്ഡ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി മോദിയുടെ തീരുമാനം സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. 11,300 അടി ഉയരത്തിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ജീവനക്കാർ തങ്ങുന്ന താത്ക്കാലിക ഷെഡിൽ ഒരു രാത്രി തങ്ങണമെന്ന ആഗ്രഹമാണ് പ്രധാനമന്ത്രി പങ്കുവച്ചത്. ഇവിടേയ്ക്ക് പ്രത്യേത ആഹാരവും കൊണ്ടുവരാൻ അദ്ദേഹം സമ്മതിച്ചില്ല. ജീവനക്കാർക്കായി ആഹാരം പാചകം ചെയ്യുന്ന തൊഴിലാളി തയ്യാറാക്കിയ ആഹാരമാണ് മോദി കഴിച്ചത്. ഇവർ കരുതിയ റേഷൻ സാധനങ്ങൾ ഉപയോഗിച്ചാണ് ആഹാരം പാകം ചെയ്തത്.

പ്രധാനമന്ത്രി തങ്ങളുടെ താത്ക്കാലിക കൂടാരത്തിൽ വരുമെന്നും, അവിടെ ഒരു രാത്രി താമസിക്കും എന്നും പറഞ്ഞപ്പോൾ സ്തംഭിച്ചുപോയെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസർ റാങ്കിലുള്ള ബോർഡർ റോഡ്സ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. താമസ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണുള്ളത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ കുറിച്ച് അറിഞ്ഞതും താമസസ്ഥലം ഒരുക്കാൻ കുറച്ച് മണിക്കൂറുകൾ മാത്രമാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. ഇവിടെ എത്തിയ മോദി ആദ്യം റോഡ് നിർമാണ തൊഴിലാളികളുമായി ആശയവിനിമയം നടത്തി, അതിന് ശേഷമാണ് രാത്രി അവിടെ തങ്ങാൻ തീരുമാനിച്ചത്. ഇതിനിടയിൽ പാചക തൊഴിലാളിയോട് തനിക്ക് ഏറെ പ്രിയപ്പെട്ട ഖിച്ഡി പാകം ചെയ്യാൻ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിക്ക് വേണ്ടി പാചകം ചെയ്യാനായി പ്രത്യേക ആഹാര സാധനങ്ങൾ കൊണ്ടുവന്നിട്ടില്ല. അടുക്കളയിൽ ഉണ്ടായിരുന്ന അതേ റേഷൻ തന്നെ അദ്ദേഹം കഴിച്ചു. ഭരണകൂടം ബദരീനാഥിൽ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നുവെങ്കിലും, പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പേഴ്സണൽ സ്റ്റാഫും തൊഴിലാളികൾക്കൊപ്പം താമസിച്ചതായും ബോർഡർ റോഡ്സ് ഓർഗനൈസേഷൻ ജീവനക്കാരൻ പറഞ്ഞു. താത്കാലിക പാചകക്കാരൻ പ്രധാനമന്ത്രിക്ക്‌വേണ്ടി ഖിച്ഡി, പോഹ, മീത കരേല, ജാഗോർ കി ഖീർ എന്നീ വിഭവങ്ങൾ തയ്യാറാക്കി.

രാത്രിയിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ പ്രധാനമന്ത്രി താമസിച്ച മുറിയിൽ ചൂടാക്കാനായി ഒരു ചെറിയ ഇലക്ട്രിക് ഹീറ്റർ മാത്രമാണ് ഉണ്ടായിരുന്നത്. ജീവനക്കാരോടൊത്ത് താമസിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് അറിയിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദേവേന്ദ്ര, രാജേഷ്, അനിതേഷ് കുമാർ, സുരേഷ് സൈനി എന്നിവരുടെ പാചകത്തെയും സേവനത്തേയും അദ്ദേഹം പുകഴ്ത്താനും മറന്നില്ല.


ഉത്തരാഖണ്ഡിലെ കേദാർനാഥ്, ബദരീനാഥ്‌ക്ഷേത്രങ്ങളിലെ ദർശനത്തിന്‌ശേഷമാണ് മോദി ഇവിടെ എത്തിയത്. ഉത്തരാഖണ്ഡിൽ പ്രധാനമന്ത്രി ശനിയാഴ്ച രണ്ട് തന്ത്രപ്രധാന റോഡുകളുടെ വിപുലീകരണത്തിന് തറക്കല്ലിട്ടിരുന്നു. ഇവയുടെ നിർമ്മാണം 2026 മാർച്ചോടെ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.