kidnap

കോഴിക്കോട്: താമരശേരിയിൽ രണ്ട് കാറുകളിലായെത്തിയ സംഘം ഇതേ ദിശയിൽ സ്‌കൂട്ടറിൽ സഞ്ചരിച്ചിരുന്ന പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി. താമരശേരി അവേലം സ്വദേശി അഷറഫിനെ താമരശേരി-മുക്കം റോഡിലുള‌ള വെഴുപ്പൂർ സ്‌കൂളിന് സമീപം തടഞ്ഞുനിർത്തി ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. രാത്രി 9.40നായിരുന്നു സംഭവം. സമീപത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും സ്‌കൂട്ടർ തടഞ്ഞുനിർത്തുന്നതും ശേഷം പിന്നാലെ മറ്റൊരു കാർ വന്ന് നിർത്തുന്നതും കാണാം. ഇരുകാറിലെയും ആളുകൾ ബലംപ്രയോഗിച്ച് അഷറഫിനെ ആദ്യത്തെ വാഹനത്തിൽ കയറ്റി കടന്നുപോയി.

മുക്കം ഭാഗത്ത് നിന്നും താമരശേരി ഭാഗത്തേക്കായിരുന്നു ഇരുവാഹനങ്ങളും. കൊടിയത്തൂർ കേന്ദ്രീകരിച്ചുള‌ള സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. ഗൾഫിൽ വ്യാവസായിയായ അഷറഫിന് അവിടെവച്ചുണ്ടായ സാമ്പത്തിക ഇടപാടുകളാണ് സംഭവത്തിന് പിന്നിലെന്നാണ് അറിയുന്നത്. സംഭവത്തിൽ പ്രതികളായവരെ പൊലീസ് തിരിച്ചറിഞ്ഞട്ടുണ്ട്. ഇവരെ കണ്ടെത്താനായി താമരശേരി പൊലീസ് അന്വേഷണം വ്യാപകമാക്കി.