
ചെന്നൈ: വൻ മാറ്റത്തിന് തയ്യാറെടുക്കുന്ന കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ റെയിൽവേ കടന്ന് പോകുന്നത്. ഒരു കാലത്ത് നഷ്ടത്തിലേക്ക് കൂപ്പ് കുത്തിയ പൊതുമേഖലാ സ്ഥാപനം ഇന്ന് ഉയർത്തെഴുന്നേൽപ്പിന്റെ പാതയിലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്ന രാജ്യത്തിന്റെ ജീവനാഡിയായ റെയിൽവേയുടെ മുഖം മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത് സെമിഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസാണ്. തദ്ദേശീയമായി രൂപകൽപ്പന ചെയ്തിറക്കുന്ന വന്ദേ ഭാരത് നിലവിൽ നാലെണ്ണമാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐസിഎഫ്) വന്ദേ ഭാരത് എക്പ്രസ് ജന്മമെടുക്കുന്നത്. ചെന്നൈയിലെ വ്യാവസായിക കേന്ദ്രമായ പെരമ്പൂരിലാണ് കോച്ച് നിർമ്മാണ ഫാക്ടറി സ്ഥിതിചെയ്യുന്നത്. വന്ദേ ഭാരത് എക്സ്പ്രസിന്റേതുൾപ്പടെ പ്രതിവർഷം 4,000 കോച്ചുകൾ ഇവിടെ നിർമ്മിക്കുന്നു.
2023 ഓഗസ്റ്റ് 15 നകം 75 വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്ത് തലങ്ങും വിലങ്ങും ഓടണമെന്ന വാശിയിലാണ് കേന്ദ്ര റെയിൽവേ മന്ത്രാലയം. ഇതിനായുള്ള നിർദ്ദേശം നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സമയപരിധിക്കുള്ളിൽ ഇത്രയും ട്രെയിനുകൾക്ക് ആവശ്യമായ ബോഗികൾ നിർമ്മിക്കുക എന്ന ഭാരിച്ച ചുമതലയാണ് പെരമ്പൂർ കോച്ച് നിർമ്മാണ ഫാക്ടറിക്കുള്ളത്. ഇതിനായി 24മണിക്കൂറും ഇവിടെ ഫാക്ടറികൾ സജീവമാണ്. 2018ലാണ് ഇവിടെ നിന്നും ആദ്യത്തെ വന്ദേ ഭാരത് ട്രെയിൻ പുറത്തിറങ്ങിയത്. പിന്നീട് ഒന്നിന് പുറകേ ഒന്നായി മൂന്നെണ്ണം കൂടി ഇറങ്ങി. ന്യൂഡൽഹി-വാരണാസി, ന്യൂഡൽഹി-കത്ര, ഗാന്ധിനഗർ- മുംബയ്, ഉനയിൽ-ന്യൂഡൽഹി എന്നീ റൂട്ടുകളിലാണ് നാല് വന്ദേ ഭാരത് എക്സ്പ്രസുകൾ ഇപ്പോൾ സർവീസ് നടത്തുന്നത്. ആദ്യകാലത്ത് ട്രെയിൻ 18 എന്നപേരായിരുന്നു നൽകിയിരുന്നത്. അടുത്ത വർഷം മുതൽ പ്രതിമാസം മൂന്ന് മുതൽ നാല് ട്രെയിൻ വരെ പുറത്തിറക്കാനാവുമെന്ന് ഒരു ദേശീയ മാദ്ധ്യമത്തിനോട് റെയിൽവേ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഒരു ട്രയിനിന്റെ ഫ്രെയിം തയ്യാറാക്കിയ ശേഷമാണ് ബോഗിയുടെ ബോഡി നിർമ്മാണത്തിലേക്ക് കടക്കുന്നത്. ഇതിനെല്ലാമായി എട്ട് ആഴ്ചയിൽ കൂടുതൽ കഠിനമായ ജോലി ആവശ്യമാണ്. അണ്ടർഫ്രെയിമിലാണ് ബാറ്ററി ബോക്സുകൾ, ബയോ ടോയ്ലറ്റ് ടാങ്കുകൾ തുടങ്ങിയവ ഘടിപ്പിക്കുന്നത്. രാജ്യത്തെ വിവിധ ഭാഗങ്ങളിലാണ് വന്ദേ ഭാരതിന് ആവശ്യമുള്ള പാർട്സുകൾ നിർമ്മിക്കുന്നത്. പിന്നീട് ഇവ ചെന്നൈയിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കുന്നു. ഒരു ട്രെയിനിന്റെ പെയിന്റിംഗിന് മാത്രം അഞ്ച് മുതൽ ഏഴ് ദിവസം വരെ എടുക്കും. ഇതിന് ശേഷമാണ് ഫർണിഷിംഗ് ഫാക്ടറിയലേക്ക് കൊണ്ടുവരുന്നത്. ഇവിടെ വച്ച് ഫ്‌ളോറിങ്ങ് ഉൾപ്പെടെയുള്ള എല്ലാ ഫർണിഷിംഗുകളും നടത്തും. ഇതിനായുള്ള വസ്തുക്കൾ മദ്ധ്യപ്രദേശിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തുന്നത്.
വന്ദേ ഭാരത് ട്രെയിനിന്റെ നിർമ്മാണത്തിൽ ഉപയോഗിക്കുന്ന 80-85 ശതമാനം ഘടകങ്ങളും തദ്ദേശീയമായി നിർമ്മിക്കപ്പെട്ടതാണ്. ചക്രങ്ങളും ചിപ്പുകൾ പോലുള്ള ഇലക്ട്രോണിക് ഭാഗങ്ങളുമാണ് ഇറക്കുമതി ചെയ്ത പ്രധാന ഘടകങ്ങൾ. ചെന്നൈയിലെ ഫാക്ടറിയിൽ 9,086 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതിൽ പത്ത് ശതമാനത്തോളം ജീവനക്കാർ സ്ത്രീകളാണ്.
അത്യാധുനിക സംവിധാനങ്ങൾ അടങ്ങിയ വന്ദേ ഭാരത് യാത്ര വിമാനയാത്രയ്ക്ക് തുല്യമായ അനുഭൂതിയാവും യാത്രക്കാരന് സമ്മാനിക്കുക. എല്ലാ കോച്ചുകളിലും സിസിടിവി ക്യാമറകൾ, റിവോൾവിംഗ് സീറ്റുകൾ, വൈഫൈ ബയോവാക്വം ടോയ്ലറ്റുകൾ, ആന്റികൊളിഷൻ ഉപകരണങ്ങൾ എന്നിവ ഇതിലുണ്ട്. 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിൻ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ട്രാക്കിൽ അലഞ്ഞു തിരിയുന്ന നാൽക്കാലികളാണ്. നിരവധി അപകടങ്ങളാണ് ഇത് മൂലമുണ്ടായത്. സുരക്ഷാ ഭീഷണി കണക്കാക്കി നിലവിൽ 130 കിലോമീറ്റർ സ്പീഡാണ് ശരാശരി വേഗമായി നിശ്ചയിച്ചിരിക്കുന്നത്. 16 കോച്ചുകളാണ് ഒരു ട്രെയിനിലുള്ളത്.
കേരളത്തിനും ഉടൻ ലഭിക്കും വന്ദേഭാരത്
വിമാനത്തിലെപ്പോലെ യാത്രാസുഖം പകരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പുകഴ്ത്തിയ, 160 കിലോമീറ്റർ വരെ വേഗതയിൽ കുതിച്ചുപായുന്ന വന്ദേഭാരത് ട്രെയിൻ സർവീസ് കേന്ദ്രസർക്കാരിന്റെ പുതുവത്സര സമ്മാനമായി കേരളത്തിന് അനുവദിച്ചേക്കും. ദക്ഷണിറെയിൽവേയ്ക്ക് ആദ്യമായി ലഭിച്ച ട്രെയിൻ ചെന്നൈ ബാംഗ്ലൂർ മൈസൂർ റൂട്ടിൽ നവംബർ പത്തുമുതൽ ഓടിത്തുടങ്ങും. ചെന്നൈ, ബംഗളുരു നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് വന്ദേഭാരത് സർവീസുകൾക്ക് സാദ്ധ്യതയുണ്ട്. ചെന്നൈയിൽ നിന്ന് കന്യാകുമാരിയിലേക്ക് അതിവേഗ ട്രെയിൻ വേണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തിരുവനന്തപുരത്ത് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സതേൺ സോണൽ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കപ്പെട്ടാൽ തിരുവനന്തപുരത്തിന്റെ അയൽപക്കത്തേക്കും ഒരു വന്ദേഭാരത് എത്തും. പാതയിരട്ടിപ്പിക്കൽ പൂർത്തിയായാൽ ഈ ട്രെയിൻ തിരുവനന്തപുരത്തേക്ക് നീട്ടാനുമിടയുണ്ട്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലും ഉത്തർപ്രദേശ് റായ്ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലും 44 ട്രെയിനുകൾ നിർമ്മാണത്തിലാണ്.
സംസ്ഥാനം ഒരു രൂപ പോലും മുടക്കാതെയാണ് അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് അതിവേഗ ട്രെയിനുകൾ വരുന്നത്. മൂന്നുവർഷത്തിനകം 400ട്രെയിനുകൾ ഓടിക്കുമെന്നാണ് കേന്ദ്ര ബഡ്ജറ്റിലെ പ്രഖ്യാപനം. ആസാദി കി അമൃത് മഹോത്സവിന്റെ ഭാഗമായി 75ആഴ്ച കൊണ്ട് 75വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ഇതുവരെ നാല് ട്രെയിനുകളേ ഓടിത്തുടങ്ങിയിട്ടുള്ളൂ. ന്യൂഡൽഹി വാരണാസിയാണ് വന്ദേഭാരതിന്റെ ആദ്യ സർവീസ്. ന്യൂഡൽഹി ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര, ഗാന്ധിനഗർ മുംബയ്, ഹിമാചൽ പ്രദേശിലെ ഊന ഡൽഹി ട്രെയിനുകളും ഓടിത്തുടങ്ങിയിട്ടുണ്ട്. ചെന്നൈ ബാംഗ്ലൂർ മൈസൂർ റൂട്ടിൽ അഞ്ചാമത്തെ വന്ദേഭാരതാണ് വരുന്നത്. ചെന്നൈഎറണാകുളം, മംഗളുരുതിരുവനന്തപുരം, എറണാകുളം ബംഗളുരു റൂട്ടുകളിൽ വന്ദേഭാരത് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.