
ഷിംല : നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹിമാചൽ പ്രദേശിൽ, ബി ജെ പിയുടെ തുടർഭരണത്തിന് തടയിടാൻ കോൺഗ്രസ് കൂട്ട് പിടിക്കുന്നത് കർഷകരെ. രാജ്യത്ത് ആപ്പിൾ ഉദ്പാദനത്തിൽ മുൻപന്തിയിലുള്ള കർഷകർ ഇപ്പോൾ തങ്ങളുടെ ഉത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കുന്നില്ലെന്ന് പരാതിയിലാണ്. ഇത് തിരഞ്ഞെടുപ്പിൽ വിഷയമാക്കാനാണ് കോൺഗ്രസ് തന്ത്രം മെനയുന്നത്. പ്രധാനമന്ത്രി മോദിയുടെ സുഹൃത്ത് ഗൗതം അദാനി സംസ്ഥാനത്ത് നിന്നും ആപ്പിൾ 70 - 72 രൂപയ്ക്ക് വാങ്ങുകയും 250 - 300 രൂപയ്ക്ക് വിൽക്കുകയും ചെയ്യുന്നത് വലിയ ചൂഷണമാണെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകി അഭിമുഖത്തിൽ കോൺഗ്രസ് മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുൽദീപ് സിംഗ് റാത്തോഡ് പറഞ്ഞു.
അടുത്ത മാസം പന്ത്രണ്ടിന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിയോഗിൽ നിന്നാണ് കുൽദീപ് സിംഗ് റാത്തോഡ് ജനവിധി തേടുന്നത്. തിയോഗ് ആപ്പിൾ കർഷകരുടെ കേന്ദ്രമായതിനാലാണ് അദ്ദേഹം അദാനിയെ വിഷയത്തിലേക്ക് വലിച്ചിടുന്നത്. ആപ്പിൾ കർഷകരുടെ സമീപകാല പ്രതിഷേധങ്ങളുടെ കേന്ദ്രമായിരുന്നു തിയോഗ്. 61 കാരനായ റാത്തോഡ് ഇതാദ്യമായിട്ടാണ് തിയോഗിൽ ജനവിധി തേടുന്നത്. ഹിമാചലിലെ ജയ് റാം താക്കൂർ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ തരംഗം തങ്ങൾക്ക് അനുകൂലമാവുമെന്ന മുൻവിധിയിലാണ് കോൺഗ്രസ്.
അയ്യായിരം കോടി രൂപയുടെ ആപ്പിൾ കൃഷിയും, വ്യവസായവും ഇപ്പോൾ തകർച്ചയുടെ വക്കിലാണെന്നും, ആപ്പിൾ കർഷകർ ഉപയോഗിക്കുന്ന കീടനാശിനികൾക്കടക്കമുള്ള സബ്സിഡി സർക്കാർ നിർത്തലാക്കി, ഇതിന് പുറമേ ആപ്പിളിന് ജി എസ് ടി ഏർപ്പെടുത്തി, ഒരു കാർട്ടണിന് 18 ശതമാനമാണ് ജി എസ് ടി ഏർപ്പെടുത്തിയത്. ഇതിന് പുറമേ വിദേശത്ത് നിന്നുള്ള ആപ്പിളിന് 100 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ലെന്ന് കുൽദീപ് സിംഗ് റാത്തോഡ് അഭിപ്രായപ്പെട്ടു.